തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകാനായി കോടതി പറഞ്ഞ കാരണം വിവാദത്തിൽ. പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിൽ പറയുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.
74കാരനായ, ശാരീരികമായി ദുർബലനായ ആൾ പരാതിക്കാരിയെ നിർബന്ധപൂർവം മടിയിൽ കിടത്തി ലൈംഗികാതിക്രമം നടത്തിയെന്നത് അവിശ്വസനീയമാണെന്നും കോടതി പറഞ്ഞു. ജാമ്യാപേക്ഷയോടൊപ്പം പരാതിക്കാരിയുടെ ചിത്രങ്ങളും സിവിക് ചന്ദ്രൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
‘ജാമ്യാപേക്ഷയോടൊപ്പം കുറ്റാരോപിതൻ സമർപ്പിച്ച ചിത്രങ്ങളിൽ നിന്ന് വ്യക്തമാവുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ല.’- വിധിന്യായത്തിൽ കോടതി പറയുന്നു.
Post Your Comments