തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. വിവിധ പരിശോധനകൾക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാർഡ് സഭകൾ ചർച്ച ചെയ്ത് പുതുക്കി, തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടിയാണ് പ്രസിദ്ധീകരിച്ചത്. ഈ പ്രക്രിയ പൂർത്തിയാക്കിയ 863 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഗുണഭോക്തൃ പട്ടികയാണ് പുറത്തിറങ്ങിയത്.
Read Also: ‘ഐ.എസ്.ഐ.എസ് ബന്ധം: ജാമിയ വിദ്യാർത്ഥിയെ 30 ദിവസത്തെ ജുഡീഷ്യൽ തടവിന് വിധിച്ച് എൻ.ഐ.എ കോടതി
മഴക്കെടുതി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം 171 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഗ്രാമ/വാർഡ് സഭകൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. നടപടി പൂർത്തായാക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ 151 പഞ്ചായത്തുകളും, 19 മുൻസിപ്പാലിറ്റികളും, ഒരു കോർപറേഷനും ഉൾപ്പെടുന്നു. ഇവ കൂടി പൂർത്തിയാകുമ്പോൾ ഗുണഭോക്തൃ പട്ടിക പൂർണതോതിൽ ലഭ്യമാകും. ബാക്കിയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഉടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടിക സമർപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. മഴക്കെടുതി ഉൾപ്പെടെയുള്ള തടസങ്ങൾക്കിടയിലും പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
863 തദ്ദേശ സ്ഥാപനങ്ങളിലായി 4,62,611 കുടുംബങ്ങളാണ് വീടിന് അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 3,11,133 പേർ ഭൂമിയുള്ള ഭവന രഹിതരും 1,51,478 പേർ ഭൂമിയില്ലാത്ത ഭവന രഹിതരുമാണ്. ഗുണഭോക്തൃ പട്ടികയിൽ 94,937 പേർ പട്ടികജാതി വിഭാഗക്കാരും 14,606 പേർ പട്ടികവർഗ വിഭാഗക്കാരുമാണ്. കൊല്ലം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷകർക്ക് പട്ടികയിൽ ഉൾപ്പെട്ടെന്ന് ഉറപ്പാക്കാം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അന്തിമ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കേരളത്തിലെ എല്ലാ മനുഷ്യർക്കും സ്വന്തം വീട്ടിൽ അഭിമാനത്തോടെ കഴിയാൻ സൗകര്യമൊരുക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ബാക്കിയുള്ള സ്ഥലങ്ങളിൽ ഗ്രാമസഭകളും വാർഡ് സഭകളും ഉടൻ വിളിച്ച്, തുടർ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെടൽ നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.
Read Also: പെൺകുട്ടിയുമായുള്ള വിവാഹാലോചന നിരസിച്ചതിന് കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
Post Your Comments