
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളം പ്രതിസന്ധിയിൽ സർക്കാർ വിളിച്ച തൊഴിലാളി യൂണിയനുമായുള്ള ചർച്ച നാളെ നടക്കും. സെക്രട്ടറിയേറ്റ് അനക്സിൽ ആണ് യോഗം ചേരുക.
ഗതാഗത മന്ത്രിയും തൊഴിൽ മന്ത്രിയും ചർച്ചയിൽ പങ്കെടുക്കും. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം കൊണ്ടു വരാനുള്ള നീക്കം എതിര്‍ക്കുമെന്നാണ് യൂണിയനുകളുടെ നിലപാട്.
കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ജൂലൈ മാസത്തെ ശമ്പള വിതരണം പേരിന് തുടങ്ങിയതേയുള്ളൂ. 90% തൊഴിലാളികളും ശമ്പളം കാത്ത് ഇരിക്കുകയാണ്. ഓണം ബോണസടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
ശമ്പള വിതരണം, ഡ്യൂട്ടി പരിഷ്കരണം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ കൊണ്ടുവരുന്ന പരിഷ്കരണങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്നാണ് യൂണിയൻ നേതാക്കൾ പറയുന്നുണ്ട് എങ്കിലും ഡ്യൂട്ടി പരിഷ്കരണം അടക്കമുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് എല്ലാവരും തയ്യാറല്ല.
Post Your Comments