ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ പോരാടുമെന്നും, ഇന്ത്യയെ കൊള്ളയടിച്ചവർ അതിന്റെ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വജനപക്ഷപാതം രാജ്യത്തെ സ്ഥാപനങ്ങളെ പൊള്ളയാക്കുകയാണെന്നും പല കേസുകളും അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അഴിമതി രാജ്യത്തെ ചിതൽ പോലെ നശിപ്പിക്കുന്നു. രാജ്യം അതിനെതിരെ പോരാടേണ്ടതുണ്ട്, അഴിമതി തുടച്ചുനീക്കണം. അഴിമതിക്കെതിരെ ഇന്ത്യ ജാഗ്രത പുലർത്തേണ്ടതുണ്ട്. അഴിമതി നടത്തുന്നവരെ ശിക്ഷിക്കാൻ സമൂഹമെന്ന നിലയിൽ നാം ഒന്നിക്കണം. രാജ്യത്തെ കൊള്ളയടിച്ചവർ അതിന്റെ വില നൽകണം’, അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധത തുടച്ചുനീക്കാന്‍ ഓരോ പൗരന്മാരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സ്ത്രീകളെ അപമാനിക്കുന്ന എല്ലാ രീതികളില്‍ നിന്നും നാം മുക്തമാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യക്കാരായ പലരുടെയും വാക്കുകളിലും പ്രവൃത്തികളിലും സ്ത്രീകളെ അപമാനിക്കുന്ന രീതി കടന്നുവരുന്നുണ്ട്. അത്തരത്തില്‍ സ്ത്രീകളെ അധിക്ഷേപിക്കുകയില്ലെന്നും അത്തരമൊരു വാക്ക് പോലും ഉച്ഛരിക്കുകയില്ലെന്നും ഓരോ ഭാരതീയനും പ്രതിജ്ഞയെടുത്ത് മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് നാം തിരിച്ചറിയണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തില്‍ കോടിക്കണക്കിന് വീടുകളിലാണ് ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി പതാക ഉയര്‍ന്നത്. ഇത് പലരെയും ഞെട്ടിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകം ഇന്ത്യയെ ഉറ്റുനോക്കുന്ന രീതിയില്‍ വലിയ മാറ്റമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments