KeralaLatest NewsNews

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്കു പരിഗണിച്ച് കൂടുതൽ ബസ് സർവീസുകൾ നടത്താന്‍ തീരുമാനം 

കൊല്ലം: ഓണക്കാലത്തെ കൂടുതൽ ബസ് സർവീസുകൾ നടത്താനും വരുമാനം വര്‍ദ്ധിപ്പിക്കാനും ഒരുങ്ങി കെ.എസ്.ആർ.ടി.സി. ഇതിന്റെ ഭാഗമായി, തകരാറുള്ള ബസ്സുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കാൻ നടപടി തുടങ്ങി. ജീവനക്കാരുടെ അവധിയും ക്രമീകരിക്കും.

സെപ്റ്റംബർ ഒന്നിന് സ്കൂൾ പരീക്ഷകൾ അവസാനിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കോർപ്പറേഷന്റെ കണക്കുകൂട്ടൽ. അന്നു മുതൽ തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ ബസ്സുകൾ ഓടിക്കാന്‍ ആണ് തീരുമാനം.

സെപ്റ്റംബർ രണ്ടു മുതൽ 13 വരെ ഡ്രൈവർ, കണ്ടക്ടർ, സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്രണ്ട്, ഇൻസ്പെക്ടർ എന്നിവർക്ക് അവധിയെടുക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തും. ഡ്യൂട്ടിക്ക് ഹാജരാകാത്തവരുടെ പട്ടിക തയ്യാറാക്കി മേലുദ്യോഗസ്ഥർക്ക് നൽകും. സർവീസിന് ഉപയോഗിക്കാവുന്ന എല്ലാ ബസ്സുകളുടെയും തകരാർ പരിഹരിക്കാൻ ക്ലസ്റ്റർ ഓഫീസർമാർക്കും യൂണിറ്റ് അധികാരികൾക്കും നിർദ്ദേശങ്ങൾ നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ യാത്രക്കാർക്കായി ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള ദീർഘദൂര സർവീസുകൾ ഓടിക്കും. കൂടുതൽ ബസ്സുകളിൽ ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തും. ഡീസൽ ക്ഷാമം കാരണം സർവീസ് മുടങ്ങാതിരിക്കാനുള്ള ക്രമീകരണവും ഒരുക്കും. തിരുവോണദിവസം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ജീവനക്കാർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യം നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button