KeralaLatest NewsNews

‘ഇന്ത്യൻ അധീന കശ്മീർ എന്ന് സി.പി.എം പറയാറില്ല’: ജലീലിനെ തള്ളി മന്ത്രി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശം നടത്തിയ കെ.ടി ജലീലിനെ തള്ളി മന്ത്രി എം.വി ഗോവിന്ദൻ. കശ്മീർ വിഷയത്തിൽ സി.പി.എമ്മിന് കൃത്യമായ നിലപാടുകൾ ഉണ്ടെന്നും, ജലീലിന്റെ പരാമർശം എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അധീന കശ്മീർ എന്ന പദപ്രയോഗം സി.പി.എം നടത്താറില്ലെന്നും കശ്മീരിൽ സി.പി.എമ്മിന് കൃത്യമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഇത്തരം പദപ്രയോഗം നടത്തിയതെന്ന് ജലീൽ വിശദീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ജലീലിനെതിരെ രൂക്ഷ വിമർശനവുമായി ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിലും പിന്നീട് സി.പി.എമ്മിലും നുഴഞ്ഞുകയറിയ രാജ്യദ്രോഹിയാണ് ജലീലെന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. മതതീവ്രവാദികളുടെ വോട്ടു നേടാനുള്ള വര്‍ഗ്ഗീയ പ്രീണനത്തിന് ജലീലിനെ ആയുധമാക്കിയതു കൊണ്ടാണ് പിണറായി ഇപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പാകിസ്ഥാൻ കൈവശപ്പെടുത്തിയ കശ്മീരിനെ ആസാദ് കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായ കശ്മീരിനെ ഇന്ത്യൻ അധീന കശ്മീർ എന്നും വിളിക്കുന്ന കെ.ടി ജലീലിനോട് രാജ്യസ്നേഹികളായ ഒരു ഭാരതീയനും പൊറുക്കില്ലെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് ജലീൽ വിശേഷിപ്പിച്ചതായിരുന്നു വിവാദമായത്. ‘ജമ്മുവും കശ്മീര്‍ താഴ്‌വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീര്‍. പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടു’, ജലീൽ പറഞ്ഞിരുന്നു. ചിരിക്കാന്‍ മറന്ന് പോയ ജനതയായി കശ്മീരികള്‍ മാറിയെന്നും കശ്മീരിന്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ലെന്നും ജലീൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button