Latest NewsKeralaNews

ജീവിതശൈലി ക്രമപ്പെടുത്തുന്നതിന് ബി.എം.ഐ. യൂണിറ്റ്

തിരുവനന്തപുരം: ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിന് ബി.എം.ഐ. (ബോഡി മാസ് ഇൻഡക്‌സ്) യൂണിറ്റ് ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ പൈലറ്റടിസ്ഥാനത്തിലാണ് ബി.എം.ഐ. യൂണിറ്റ് സ്ഥാപിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഒരാളുടെ ശാരീരിക ക്ഷമത ബി.എം.ഐ.യിലൂടെ കണ്ടെത്താൻ സാധിക്കുന്ന സംവിധാനമാണ് യൂണിറ്റിലുള്ളത്. ഭാരം നോക്കുന്നതിനും പൊക്കം നോക്കുന്നതിനും, ശേഷം ബി.എം.ഐ. അളക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതി വിജയകരമായാൽ ബി.എം.ഐ. യൂണിറ്റുകൾ സംസ്ഥാന വ്യാപകമായി സ്ഥാപനങ്ങളിലും ഫാക്ടറികളിലും തൊഴിലിടങ്ങളിലുമൊക്കെ സ്ഥാപിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

Read Also: മന്ത്രിമാര്‍ തീരുമാനങ്ങള്‍ എടുക്കുന്നില്ല,എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു:മന്ത്രിമാര്‍ പോരെന്ന് സിപിഎമ്മില്‍ വിമര്‍ശനം

ജീവിതശൈലീ രോഗം ചെറുക്കുന്നതിന് ആരോഗ്യ വകുപ്പ് വലിയ പ്രയത്‌നമാണ് നടത്തുന്നത്. 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവർത്തകർ വീട്ടിൽ പോയി കണ്ട് സ്‌ക്രീനിഗ് നടത്തി വരികയാണ്. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കുന്നു. പദ്ധതി ആരംഭിച്ച് 6 ആഴ്ചയ്ക്കുള്ളിൽ സംസ്ഥാന വ്യാപകമായി എട്ടര ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തി. ഇതുകൂടാതെയാണ് ആരോഗ്യക്ഷമത സ്വയം വിലയിരുത്തുന്നതിന് ബി.എം.ഐ. യൂണിറ്റ് ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഒരാളുടെ ശാരീരിക ക്ഷമത അളക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഉപാധിയാണ് ബി.എം.ഐ. പൊക്കത്തിനനുസരിച്ചുള്ള തൂക്കമാണ് ബോഡി മാസ് ഇൻഡക്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ മനുഷ്യർക്കും അവരവരുടെ പൊക്കത്തിനനുസരിച്ചാണ് തൂക്കം നിർവചിച്ചിട്ടുള്ളത്. ഇതിനായി ഒരു ഫോർമുല തയ്യാറാക്കിയിട്ടുണ്ട്. ആ ഫോർമുല പ്രകാരം അവരവർക്ക് തന്നെ പൊക്കവും തൂക്കവും നോക്കി ബി.എം.ഐ. അറിയാവുന്നതാണ്. ഇതിലൂടെ ജീവിതശൈലീ രോഗങ്ങളിൽ നിന്നും സ്വയം പ്രതിരോധം സൃഷ്ടിക്കാനാകും. ഒരാളുടെ ബി.എം.ഐ. 23ൽ താഴെയായിരിക്കണം. അത് 25ന് മുകളിൽ പോയിക്കഴിഞ്ഞാൽ അവർക്ക് അമിത ഭാരമാണ്. അത് 28ന് മുകളിൽ പോയിക്കഴിഞ്ഞാൽ പൊണ്ണത്തടി എന്ന വിഭാഗത്തിലാകും. 30 ന് മുകളിൽ പോയി കഴിഞ്ഞാൽ അമിത പൊണ്ണത്തടി വിഭാഗത്തിലാകും വരിക. 25ന് മുകളിൽ ബി.എം.ഐ.യുള്ള വ്യക്തികൾ ഭക്ഷണം നിയന്ത്രിച്ചുകൊണ്ടും വ്യായാമം കൂട്ടിക്കൊണ്ടും സ്വയം നിയന്ത്രിക്കേണ്ടതാണ്. ഇങ്ങനെ നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ ഹൃദ്രോഗം, പ്രമേഹം, കരൾ രോഗം, വൃക്കരോഗം തുടങ്ങിയവ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ എല്ലാവരും അവരുടെ ബി.എം.ഐ. അറിയുകയും അതനുസരിച്ചുള്ള നിയന്ത്രണങ്ങൾ വരുത്തുകയും വേണം.

ജീവനക്കാരിലുള്ള സമ്മർദവും ഭക്ഷണരീതിയും വ്യായാമക്കുറവുമെല്ലാം ജീവിതശൈലീ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇത് മുൻകൂട്ടി കണ്ട് അവരവർക്ക് തന്നെ പ്രതിരോധം ഉറപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന് ചൈന

shortlink

Related Articles

Post Your Comments

Related Articles


Back to top button