ഇടുക്കി: അന്തർദേശീയ ഗജ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾ നാളെ രാവിലെ 9.45ന് തേക്കടിയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉദ്ഘാടനം ചെയ്യും. തേക്കടിയിലെ വനശ്രീ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബി, സംസ്ഥാന വനം മന്ത്രി എ.കെ ശശീന്ദ്രൻ, കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
രാജ്യത്തെ ആനകളുടെ സംരക്ഷണം സംബന്ധിച്ച വീഡിയോ പ്രദർശനവും വിവിധ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. ഗജഗൗരവ് അവാർഡ് കേന്ദ്ര വനം മന്ത്രി വിതരണം ചെയ്യും. ഗജ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നിർവഹിക്കും. ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് രമേശ് കെ പാണ്ട, സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിംഗ്, മുഖ്യ വനം മേധാവി ബെന്നിച്ചൻ തോമസ്, സംസ്ഥാന വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് സി പി ഗോയൽ, കേന്ദ്രവനം സെക്രട്ടറി ലീന നന്ദൻ, വാഴൂർ സോമൻ എം.എൽ.എ ഡീൻ കുര്യാക്കോസ് എം.പി, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.പി പ്രമോദ് എന്നിവർ സംസാരിക്കും.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം കേന്ദ്ര വനം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രോജക്റ്റ് എലിഫന്റ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. ഇതിൽ കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർ, കേന്ദ്ര വനം മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ, വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന്, നാട്ടാനകളുടെ ആരോഗ്യ പരിപാലനവും ക്ഷേമവും സംബന്ധിച്ച കമ്മിറ്റി യോഗം ചേരും. പ്രദേശത്തെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി കേന്ദ്രമന്ത്രി സംവാദം നടത്തും. ആദിവാസി നൃത്തവും അരങ്ങേറും. 13ന് സെൻട്രൽ പ്രോജക്റ്റ് എലിഫന്റ് മോണിറ്ററിങ് കമ്മിറ്റി പു:സംഘടിപ്പിക്കുന്നത് സംബന്ധിച്ച യോഗവും ചേരും.
Post Your Comments