പട്ന: നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മഹാഗഡ്ബന്ധൻ സർക്കാർ ബിഹാറിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവുമാണ് സത്യപ്രതിജ്ഞ ചെയ്യുക. നിതീഷ് കുമാർ ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
പിന്തുണയ്ക്ക് നന്ദി അറിയിച്ച് നിതീഷ് കുമാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ഫോണിൽ വിളിച്ചു. ബി.ജെ.പിയുമായുള്ള കടുത്ത ഭിന്നതയെ തുടർന്നാണ് നിതീഷ് കുമാര്‍ രാജിവച്ചത്. 164 എംഎൽഎമാരുടെ പിന്തുണയാണ് മഹാഗഡ്ബന്ധൻ സഖ്യത്തിനുള്ളത്. ചതി ജനം പൊറുക്കില്ലെന്നും നിതീഷിന്‍റെ മുഖ്യമന്ത്രി സ്ഥാനം ഔദാര്യമായിരുന്നു എന്നുമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം.
മഹാഗഡ്ബന്ധൻ 2.0 യുടെ മന്ത്രിസഭാ വികസനം പിന്നീട് നടക്കും. ജെ.ഡി.യുവിൽ നിന്നും ആർ.ജെ.ഡിയിൽ നിന്നും 14 മന്ത്രിമാർ വീതം ഉണ്ടാകും എന്നാണ് സൂചന. കോൺഗ്രസിന് മൂന്ന് മന്ത്രി സ്ഥാനത്തിന് പുറമെ സ്പീക്കർ പദവി കൂടി നൽകും. ആരൊക്കെയാകണം മന്ത്രിമാർ എന്നത് സംബന്ധിച്ച് തിരക്കിട്ട ചർച്ചകൾ പട്നയിൽ തുടരുന്നു.
Post Your Comments