Independence DayLatest NewsNewsIndia

ഇന്ത്യ@75: സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകളുടെ പങ്കെന്ത്?

സ്ത്രീകളുടെ സംഭാവനകളെ പരാമർശിക്കാതെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം പൂർണ്ണമാകില്ല. അചഞ്ചലമായും ധീരതയോടും കൂടി പോരാടിയ ധീര വനിതകൾ നമുക്കുണ്ട്. നമുക്ക് സ്വാതന്ത്ര്യം നേടിത്തരാൻ വിവിധ പീഡനങ്ങളും ചൂഷണങ്ങളും പ്രയാസങ്ങളും നേരിട്ട നിരവധി സ്ത്രീരത്നങ്ങൾ, സ്ത്രീ പോരാളികൾ. അവരിൽ ചിലരെ നാം അറിയും. അറിയപ്പെടാതെ പോയ നിരവധി പേരുമുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളിൽ ഭൂരിഭാഗവും ജയിലിൽ കിടന്നപ്പോൾ സ്ത്രീകൾ മുന്നോട്ടു വന്ന് സമരത്തിന്റെ ചുമതല ഏറ്റെടുത്തു. ചരിത്രത്തിൽ ഇടംനേടിയ മഹതികളുടെ പട്ടിക നീണ്ടതാണ്.

1817-ൽ തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീയുടെ പങ്കാളിത്തം ആരംഭിച്ചിരുന്നു. ഭീമ ബായ് ഹോൾക്കർ ബ്രിട്ടീഷ് കേണൽ മാൽക്കമിനെതിരെ ധീരമായി പോരാടുകയും ഗറില്ല യുദ്ധത്തിൽ അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു. കിത്തൂരിലെ റാണി ചന്നാമ, റാണി ബീഗം ഹസ്രത്ത് മഹൽ തുടങ്ങി നിരവധി സ്ത്രീകൾ 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പോരാടി.

1857-ലെ സ്വാതന്ത്ര്യയുദ്ധത്തിൽ സ്ത്രീകൾ വഹിച്ച പങ്ക് പ്രശംസനീയമായിരുന്നു. രാംഗഢിലെ റാണി, റാണി ജിന്ദൻ കൗർ, റാണി ടേസ് ബായി, ബൈസാ ബായി, ചൗഹാൻ റാണി, തപസ്വിനി മഹാറാണി എന്നിവർ തങ്ങളുടെ സൈന്യത്തെ ധീരമായി യുദ്ധക്കളത്തിലേക്ക് നയിച്ചു. ഝാൻസിയിലെ റാണി ലക്ഷ്മി ബായിയുടെ വീരത്വവും മികച്ച നേതൃത്വവും യഥാർത്ഥ ദേശസ്നേഹത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്. ദേശീയ പ്രസ്ഥാനത്തിൽ ചേർന്ന ഇന്ത്യൻ സ്ത്രീകൾ വിദ്യാസമ്പന്നരും ലിബറൽ കുടുംബാഗങ്ങളുമായിരുന്നു. ഇക്കൂട്ടത്തിൽ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരും, എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരും ഉണ്ടായിരുന്നു. ജാതി-മത ഭേദമന്യേ ആയിരുന്നു ഇവർ ഭാരതത്തിനായി ഒത്തുചേർന്നത്.

സരോജിനി നായിഡു, കസ്തൂർബാ ഗാന്ധി, വിജയലക്ഷ്മി പണ്ഡിറ്റ്, 20-ാം നൂറ്റാണ്ടിലെ ആനി ബെസന്റ് എന്നിവരെല്ലാം യുദ്ധക്കളത്തിലും രാഷ്ട്രീയ രംഗത്തും അവരുടെ അദ്വിതീയ സംഭാവനകൾക്ക് ഇന്നും ഓർമ്മിക്കപ്പെടുന്ന പേരുകളാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും ബ്രിട്ടീഷ് സാമ്രാജ്യത്തിനുമെതിരായ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും വിവിധ വിധങ്ങളിൽ മഹത്തായതും സമ്പന്നവുമായ സംഭാവനകൾ നൽകുകയും ചെയ്ത ഇന്ത്യൻ സ്ത്രീകളുടെ പങ്ക് എന്താണെന്ന് നോക്കാം.

ഒന്നാം സ്വാതന്ത്ര്യസമരം (1857-58)

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിനെതിരായ ആദ്യത്തെ പൊതു പ്രക്ഷോഭമായിരുന്നു ഒന്നാം സ്വാതന്ത്ര്യസമരം (1857-58). മീററ്റിലെ ഇന്ത്യൻ സൈനികർക്ക് പശുവിന്റെയും പന്നിയുടെയും കൊഴുപ്പ് പുരട്ടിയ വെടിയുണ്ടകൾ നൽകിയത് പട്ടാളക്കാർക്കിടയിൽ പ്രശ്നമായി. അത് പുറത്തേക്കും വ്യാപിച്ചു. ഇത് വ്യാപകമായ പ്രക്ഷോഭമായി മാറുകയും ബ്രിട്ടീഷ് ഭരണത്തിന് കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തു.

ഈ പ്രക്ഷോഭത്തിന്റെ ഫലമായി ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷ് കിരീടത്തിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായി. ഒരു വർഷത്തിനുള്ളിൽ ബ്രിട്ടീഷുകാർ ഇതിനെ പരാജയപ്പെടുത്തിയെങ്കിലും, തീർച്ചയായും ഇത് ഒരു ജനകീയ കലാപമായിരുന്നു. ഇന്ത്യൻ ഭരണാധികാരികളും ബഹുജനങ്ങളും മിലിഷ്യകളും ആവേശത്തോടെയായിരുന്നു ഈ ജനകീയ കലാപത്തിൽ പങ്കെടുത്തിരുന്നത്. അത് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഒന്നാം യുദ്ധമായി കണക്കാക്കപ്പെടുന്നു. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നായികയായിരുന്നു റാണി ലക്ഷ്മിഭായി. രാജ്യസ്നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും വീരത്വത്തിന്റെയും മൂർത്തീഭാവം ആയിരുന്നു അവർ.

ജാലിയൻ വാലാബാഗ് കൂട്ടക്കൊല (1919)

നിരായുധരായ ജനക്കൂട്ടത്തിന് നേരെ വെടിയുണ്ടകൾ പ്രയോഗിച്ച് നിരവധി പേരെ നിഷ്‌കരുണം കൊലപ്പെടുത്തിയ സംഭവം. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷവും, സാധാരണ ഇന്ത്യക്കാരുടെ ചെറുത്തുനിൽപ്പ് തുടർന്നു. 1920-ലെ ആദ്യ ആറ് മാസങ്ങളിൽ 1.5 ദശലക്ഷം തൊഴിലാളികൾ ഉൾപ്പെട്ട വലിയ തോതിലുള്ള ജനകീയ പ്രതിരോധം ഉയർന്നു വന്നു. സ്ത്രീകൾ അടക്കമുള്ളവർ ഇതിന് മുൻപന്തിയിൽ നിന്ന്. ഈ ബഹുജന വിപ്ലവ വേലിയേറ്റത്തോടുള്ള പ്രതികരണമായാണ് കോൺഗ്രസ് നേതൃത്വം അതിന്റെ യാഥാസ്ഥിതികതയെ അഭിമുഖീകരിക്കാനും അതിന്റെ പരിപാടിക്ക് കുറച്ചുകൂടി സമരമുഖം നൽകാനും നിർബന്ധിതരായത്.

നിസ്സഹകരണ പ്രസ്ഥാനം (1920)

മോഹൻദാസ് കരംചന്ദ് ഗാന്ധി 1915-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി, സ്വയം ഭരണത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും ആവശ്യം ഏറ്റെടുത്തു. സരളാ ദേവി, മുത്തുലക്ഷ്മി റെഡ്ഡി, സുശീല നായർ, രാജ്കുമാരി അമൃത് കൗർ, സുചേത കൃപലാനി, അരുണ ആസഫ് അലി എന്നിവരാണ് അഹിംസാ പ്രസ്ഥാനത്തിൽ പങ്കെടുത്ത സ്ത്രീകൾ. മഹാത്മാഗാന്ധിയുടെ ഭാര്യ കസ്തൂർബാ ഗാന്ധിയും നെഹ്‌റു കുടുംബത്തിലെ സ്ത്രീകളായ കമല നെഹ്‌റു, വിജയ ലക്ഷ്മി പണ്ഡിറ്റ്, സ്വരൂപ് റാണി എന്നിവരും ദേശീയ പ്രസ്ഥാനത്തിൽ പങ്കെടുത്തു. ലാഡോ റാണി സുത്ഷിയും അവളുടെ പെൺമക്കളായ മൻമോഹിനി, ശ്യാമ, ജനക് എന്നിവരും ലാഹോറിലെ പ്രസ്ഥാനത്തിന് നേതൃത്വം നൽകി.

ഉപ്പ് സത്യാഗ്രഹം (1930)

ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ ഉപ്പ് നിയമങ്ങൾ ലംഘിച്ച് ചരിത്രപരമായ ദണ്ഡി മാർച്ച് നടത്തിയാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ഉദ്ഘാടനം ചെയ്തത്. എഴുപത്തിയൊൻപത് ആശ്രമത്തിലെ അന്തേവാസികളുടെ ഒരു പരിവാരം തന്നെ ഗാന്ധിയെ പിന്തുടർന്നു. ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഉത്തരവുകൾ പൂർണ്ണമായും അനുസരിക്കാതെയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഈ പ്രസ്ഥാനം രാജ്യത്തിന്റെ നാല് കോണുകളിലേക്കും വ്യാപിച്ചു.

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (1942)

1942 ഓഗസ്റ്റിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ചു. അഹിംസാ സത്യാഗ്രഹികൾക്കെതിരായ അടിച്ചമർത്തൽ ആയിരുന്നു ബ്രിട്ടീഷുകാർ ഇതിനെതിരെ സ്വീകരിച്ച നയം. യുദ്ധത്തിന്റെ ജ്വാല നിലനിർത്താൻ ആവശ്യമായ ഇടപെടൽ നടത്തിയ സ്ത്രീകളെ ‘ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അച്ചടക്കമുള്ള പടയാളികൾ’ എന്ന് അഭിസംബോധന ചെയ്തു. പ്രതിബദ്ധതയുള്ള ദേശസ്നേഹിയായ ഉഷാ മേത്ത, ഗാന്ധിയുടെ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന സന്ദേശം ജനങ്ങളിൽ പ്രചരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button