പട്ന: ബിഹാറിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്നും അറിയിച്ചു. ജെഡിയു മുൻ ദേശീയ അധ്യക്ഷൻ ആർസിപി സിംഗ് രാജിവച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുന്നതിനായി പാർട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കുമാർ സംസാരിച്ചെന്നാണ് വിവരം. രണ്ട് കേന്ദ്ര മന്ത്രി സ്ഥാനം, നിയമസഭ സ്പീക്കറെ മാറ്റണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ കുറെ നാളുകളായി നിതീഷ് ബി.ജെ.പിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. അഗ്നിപഥിലടക്കം പ്രതിഷേധിച്ച നിതീഷ് കുമാർ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും പ്രധാനമന്ത്രി വിളിച്ച നിതി ആയോഗ് യോഗത്തിൽ നിന്നും വിട്ടു നിന്നിരുന്നു.
ബിഹാര്‍ നിയമസഭ സ്പീക്കറുമായി തുടരുന്ന ഏറ്റുമുട്ടലാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. സ്പീക്കറെ മാറ്റണമെന്ന ആവശ്യം ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല. ബി.ജെ.പിയുമായി തുടരുന്ന അതൃപ്തിക്കിടെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ നിന്നും നിതീഷ് കുമാർ വിട്ടു നിന്നിരുന്നു. പ്രധാന പരിപാടികളിലെല്ലാം പ്രതിഫലിച്ച നിതീഷിന്റെ അസാന്നിധ്യത്തോട് ബി.ജെ.പി ഒരു പ്രതികരണവും നടത്തിയിരുന്നില്ല.
Post Your Comments