കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച കേസിൽ അറസ്റ്റിലായ വ്‌ളോഗർ മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിന്റെ വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടി എക്സൈസ്. കഞ്ചാവ് വലിക്കുന്നതിനെക്കുറിച്ച് വ്‌ളോഗറും പെണ്‍കുട്ടിയും ചര്‍ച്ച ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
വിൽക്കാനാകുന്ന അളവിൽ കഞ്ചാവ് കൈവശം സൂക്ഷിക്കാത്തതിനാൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ സാധിക്കും. എന്നാൽ, സമൂഹമാധ്യമങ്ങളിലൂടെ ലഹരി ഉപയോഗിക്കാൻ ആഹ്വാനം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്തതിനാൽ പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് എക്സൈസ് തീരുമാനം.
ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പച്ചക്കറിയാണെന്ന വിചിത്ര വാദമാണ് ഇയാൾ ഉയർത്തുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നത് തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും മരണം വരെ അത് ഉപയോഗിക്കുമെന്നും ഇയാൾ എക്സൈസിനോട് വെല്ലുവിളിക്കുന്നുണ്ട്.
ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. കഞ്ചാവ് കിട്ടാനില്ലെന്ന് അഭിപ്രായപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയോട് ഫോർട്ട് കൊച്ചിക്ക് വരാൻ സാധിക്കുമോയെന്ന് ഇയാൾ ചോദിക്കുന്നുണ്ട്. സാധ്യമല്ലെങ്കിൽ കോതമംഗലത്തേക്ക് പോയാൽ മതിയെന്നും ഇയാൾ പറയുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്നാണ് റിപ്പോർട്ട്. പെണ്‍കുട്ടിയുടെ ഫോണ്‍ ട്രെയിന്‍ യാത്രക്കിടെ മോഷണം പോയെന്ന ആരോപണം ശക്തമാണ്.
കഴിഞ്ഞ ദിവസം രാത്രി മുതലാണ് വ്‌ളോഗറും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും തമ്മിലുള്ള വിഡിയോ കോളിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments