Latest NewsKeralaNews

ഹര്‍ ഘര്‍ തിരംഗ: കടലുണ്ടിയില്‍ ഒരുങ്ങുന്നത് 5,000 ദേശീയ പതാകകള്‍

 

കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനുള്ള ആഹ്വാനം ഏറ്റെടുത്ത് കടലുണ്ടിയിലെ കുടുംബശ്രീ യൂണിറ്റ്. ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി വീടുകളില്‍ ഉയര്‍ത്താന്‍ ദേശീയ പതാകകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ് കടലുണ്ടിയിലെ ഫാഷന്‍ ഷേഡ്‌സ് കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍. അഭിമാനത്തോടെ ആത്മാര്‍ത്ഥമായാണ് ഓരോ അംഗവും ദേശീയ പതാക നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് യൂണിറ്റ് സെക്രട്ടറി ലളിത പറഞ്ഞു.

 

നാല് കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ തയ്യല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കടലുണ്ടിയിലെ മറ്റു കുടുംബശ്രീ അംഗങ്ങളും ചേര്‍ന്നാണ് ദേശീയ പതാകകള്‍ നിര്‍മ്മിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പതാക നിര്‍മ്മാണം. കോട്ടണ്‍, പോളിസ്റ്റര്‍ തുണിയില്‍ 90 ഇഞ്ച് നീളവും 60 ഇഞ്ച് വീതിയുമുള്ള പതാകകളാണ് നിര്‍മ്മിക്കുന്നത്. 30 രൂപയാണ് വില.

 

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യൂണിറ്റ് അംഗങ്ങള്‍. നിലവില്‍ 5,000 പതാകകളുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. കടലുണ്ടി ഗ്രാമപഞ്ചായത്തിലേക്കും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലേക്കുമാണ് പതാകകള്‍ നിര്‍മ്മിച്ചു നല്‍കുക. ആഗസ്റ്റ് പത്തിനകം 5,000 പതാകകള്‍ നിര്‍മ്മിച്ചു നല്‍കുകയെന്ന സുപ്രധാന ദൗത്യമാണ് ലളിതയുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ യൂണിറ്റ് ഏറ്റെടുത്തിരിക്കുന്നത്.

 

പതാക നിര്‍മ്മിക്കുന്നതോടൊപ്പം അംഗങ്ങളുടെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി ത്രിവര്‍ണ്ണ തരംഗത്തില്‍ കുടുംബശ്രീ പങ്കാളികളാവും. ആഗസ്റ്റ് 13 മുതല്‍ 15 വരെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button