തലശ്ശേരി: ഒരു കാലത്ത് ഉത്തരകേരളത്തിലെ ഉത്സവ പറമ്പുകളിലും, കലാസമിതികളുടെ വാർഷികാഘോഷവേളകളിലുമൊക്കെ പെരുന്താറ്റിൽ ഗോപാലൻ എന്ന അതുല്യസർഗ്ഗ പ്രതിഭ അനിവാര്യമായിരുന്നു. അദ്ദേഹത്തിൻ്റെ കഥാപ്രസംഗമോ, മിമിക്രിയോ, മൊണോ ആക്ടോ ഇല്ലെങ്കിൽ ആഘോഷങ്ങൾ എന്തായാലും കാണികൾക്ക് തൃപ്തിവരില്ലായിരുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലായി ഒരു കാലത്ത് ഈ കലാകാരന് വേദിയൊഴിഞ്ഞ ദിവസങ്ങളുണ്ടായിരുന്നില്ല.
ഹാസ്യകലാരംഗത്ത് മുടിചൂടാമന്നനായിരുന്ന പെരുന്താറ്റിൽ ഗോപാലൻ, തന്റെ പതിനാലാം വയസ്സിൽ ജീവിത പ്രാരാബ്ദം മൂലം തമിഴ്നാട്ടിലെ തിരുപ്പൂരിലേക്ക് വണ്ടി കയറുകയായിരുന്നു. അവിടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഹോട്ടൽ തൊഴിലാളിയായും, ഓട്ടോ ഡ്രൈവറായും വേഷം കെട്ടേണ്ടി വന്നു. തൻ്റെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്ന തമിഴ് സിനിമാ താരങ്ങളുടെ ശബ്ദം അനായാസേന അവതരിപ്പിച്ചാണ് അദ്ദേഹം ശ്രോതാക്കളെ കൈയ്യിലെടുത്തത്. കുറച്ചു വർഷങ്ങൾക്കുശേഷം തിരുപ്പൂരിലെ ജീവിതം മതിയാക്കി ഗോപാലൻ നാട്ടിലേക്ക് തിരിച്ചു വന്നു. നാട്ടിൽ ഓട്ടോഡ്രൈവറായി വേഷമിട്ടു. തുടർന്ന് ഒരു ഓട്ടോറിക്ഷ സ്വന്തമാക്കുകയും അതിന് ‘മോണോ’ എന്നു പേരിടുകയും ചെയ്തു. ഈ പേരാണ് ഗോപാലനെ ‘മോണോ ഗോപാലൻ’ ആക്കിയത്.
ആ സമയത്താണ് തന്റെ ഉള്ളിൽ കിടന്ന കലാകാരൻ ഒരു പ്രൊഫഷണൽ കലാകാരനായി പുറത്തു വന്നതും, അനുമോദിക്കാനും, സഹായിക്കാനും അനേകം സുഹൃത്തുക്കളുണ്ടായി. പെരുന്താറ്റിൽ ശ്രീനാരായണഗുരു സ്മാരക മന്ദിരത്തിന്റെ വാർഷികാഘോഷവേളയിൽ നടത്തിയ മിമിക്രി അവതരണം ഗോപാലന്റെ അരങ്ങേറ്റവും വഴിത്തിരവുമായി.
അങ്ങനെയിരിക്കെ, നെട്ടൂർ തെരു ശ്രീ രാമനാൽ കീഴിൽ ക്ഷേത്രത്തിൽ അന്നത്തെ പ്രശസ്ത മിമിക്രി കലാകാരൻ വെള്ളൂർ പി രാഘവൻ പരിപാടി അവതരിപ്പിക്കാൻ വരുന്ന വിവരം അറിഞ്ഞ് തന്റെ സുഹൃത്തുക്കളോടൊപ്പം പരിപാടി കാണാൻ പോയ ഗോപാലൻ, യാദൃശ്ചികമായി പ്രൊഫഷണൽ ആയി മാറുകയായിരുന്നു. പരിപാടി അവതരിപ്പിക്കാൻ വെള്ളൂർ പി രാഘവൻ എത്താൻ വൈകിയതിൽ, കാഴ്ചക്കാരിൽ അസ്വാരസ്യം ഉണ്ടാവുകയും ഇത് മനസ്സിലാക്കിയ ഗോപാലനെ സുഹൃത്തുക്കൾ കമ്മിറ്റിക്കാർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പരിപാടി അവതരിപ്പിക്കാൻ സമ്മതം നേടുകയും ചെയ്തു. ഇതിനിടയിൽ ഗോപാലേട്ടന്റെ പരിപാടി ശ്രവിച്ചുകൊണ്ട് വേദിയിലേക്ക് കയറിവന്ന വെള്ളൂർ പി രാഘവന് ഗോപാലേട്ടൻ വേദി വിട്ടുകൊടുത്തു. പരിപാടിയുടെ അവസാനം വെള്ളൂർ പി രാഘവൻ, ഗോപാലനെ സ്റ്റേജിലേക്ക് വിളിച്ച്, രണ്ടുപേരും ചേർന്ന് പരിപാടി അവതരിപ്പിക്കുകയും ചെയ്തു.
മുൻ ധാരണയില്ലാതെ സ്റ്റേജിൽ കയറിയ ഗോപാലേട്ടൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കാണികളെ കയ്യിലെടുത്തു. അതായിരുന്നു ഗോപാലൻ്റ കരിയറിൻ്റെ ആരംഭം. പിന്നീട് കഥാപ്രസംഗകല ജനകീയമാക്കുന്നതിൻ്റെ ഭാഗമായി നാടെങ്ങുമുള്ള സ്കൂളുകളിൽ പോയി പരിപാടികൾ അവതരിപ്പിച്ചു. ആയിടക്കാണ് കൊച്ചിൻ കലാഭവനിൽ നടന്ന മൽസരത്തിൽ പങ്കെടുക്കുകയും, അന്നത്തെ പ്രശസ്ത കലാകാരന്മാരെ പിന്നിലാക്കിക്കൊണ്ട് ‘അനായാസ ഹാസ്യത്തിനുള്ള’ ട്രോഫി കലാഭവനിൽ നിന്നും കരസ്ഥമാക്കുകയും ചെയ്തത്.
Also Read:സൗദിയിൽ താപനില കുറയാൻ സാധ്യത: അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
പിന്നെ കുറെ വർഷം, കലാഭവനിൽ ചേർന്ന് ഗോപാലൻ നാട്ടിലും വിദേശത്തുമായി ജയറാമടക്കമുള്ള സിനിമ കലാകാരന്മാരുടെ കൂടെ പരിപാടി അവതരിപ്പിച്ച് പ്രശസ്തനായി. തന്റെ കലാജീവിതത്തിൽ നിരവധി ശിഷ്യഗണങ്ങളെയും ഗോപാലേട്ടൻ സമ്പാദിച്ചിരുന്നു. ഇന്ന് വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുന്ന മിക്കതാരങ്ങളെയും വാർത്തെടുത്തത് ഗോപാലനായിരുന്നു. നിരവധി കലാപ്രതിഭകളെയും, കലാതിലകങ്ങളെയും വാർത്തെടുക്കാൻ ഈ ഗുരുനാഥന് സാധിച്ചിട്ടുണ്ട്. നടൻ വിനീത്, ഹാസ്യ കലാപ്രതിഭകളായ ശാരംങ് ധരൻ, ശിവദാസൻ മട്ടന്നൂർ തുടങ്ങി ഒട്ടേറെ ശിഷ്യ സമ്പത്തുള്ള ഈ ഗുരുനാഥനില്ലാതെ ദശകങ്ങളോളം സ്കുൾ യുവജന – കലാശാലാ കലോത്സവങ്ങൾ കടന്നു പോയിട്ടില്ല. ഒട്ടേറെ ജില്ലാ – സംസ്ഥാന തിലക / പ്രതിഭകളെ വാർത്തെടുക്കാൻ ഈ ബഹുമുഖ പ്രതിഭയ്ക്കായി. നിരവധി സിനിമകളിൽ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ പെരുന്താറ്റിൽ ഗോപാലൻ അവതരിപ്പിച്ചിട്ടുണ്ട്.
മാത്രമല്ല സ്വന്തം മക്കളെയും കലാപ്രതിഭയും, കലാതിലകവുമാക്കാനും ഈ ഗുരുവര്യന് സാധിച്ചു. തലശ്ശേരി സബ് കലക്ടർ ഓഫീസിൽ പ്യൂൺ ആയി ജോലി ചെയ്തിരുന്നു. ശ്രീ നാരായണ ദർശനങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച ഈ മനുഷ്യ സ്നേഹി, പെരുന്താറ്റിൽ ശ്രീനാരായണമഠം ഭാരവാഹിയായിരുന്നു. ആയിടയ്ക്ക് നിരവധി അമ്പലങ്ങളിലും മറ്റും ആദ്ധ്യാത്മിക പ്രഭാഷണം, വേറിട്ട ശൈലിയിലും നർമ്മ രൂപത്തിലും അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പെരുന്താറ്റിൽ ശ്രീനാരായണ മഠത്തിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് ജീവിതം തന്നെ കലയ്ക്ക് വേണ്ടി സമർപ്പിച്ച ഈ കലോപാസകനെ ഒടുവിൽ കഴിഞ്ഞ വർഷം സ്വന്തം വീട്ടിൽ വെച്ച് കലാലോകം ‘വാഗീസ ‘പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു. ജീവിതാന്ത്യകാലത്തും കലകളിൽ അഭിരമിച്ച ആ മനസ്സ്, സ്വന്തം വീട്ടിൽ വെച്ച് നിരവധി കുട്ടികൾക്ക് ഹാസ്യകലയുടെ അക്ഷര മന്ത്രങ്ങൾ പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്.
ചാലക്കര പുരുഷു
Post Your Comments