പെരിന്തല്‍മണ്ണ: പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊല്ലപ്പെട്ട ഇർഷാദിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ശരീരത്തിൽ പരുക്കുകൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കും.
അതേസമയം, ഇർഷാദിന്റെ മരണത്തിൽ കുടുംബം സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ടിട്ടുണ്ട്. ഇർഷാദിന്റെ മരണത്തിന് പിന്നിൽ വിദേശത്തുള്ള ഷംനാദ്, നാസർ തുടങ്ങിയവരാണെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.
ഇർഷാദിനെ സ്വർണ്ണക്കടത്ത് സംഘം അപായപ്പെടുത്തിയതാണെന്നതിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. ഇർഷാദിന്റെ കൈവശം കൊടുത്ത് വിട്ട സ്വർണ്ണം തിരികെ വേണമെന്നാവശ്യപ്പെട്ട് നാസർ എന്നയാൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. കൊയിലാണ്ടിയിൽ നിന്നും ലഭിച്ച മൃതദേഹം ദീപക്കിന്റേതാണോ എന്നതിൽ അയാളുടെ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നിട്ടും ഡി.എൻ.എ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചത് എന്തിനാണെന്ന ചോദ്യവും ഇർഷാദിന്റെ കുടുംബം ചോദിക്കുന്നു.
മരണത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. വിദേശത്തുള്ള പ്രതികളുടെയും, കുടുംബം സംശയം ഉന്നയിച്ചവരുടെയും വിദേശയാത്ര വിവരങ്ങൾ ഉൾപ്പെടെ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.
Post Your Comments