കോഴിക്കോട്: കാണാതായ പ്രവാസി ദീപക്കിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. നാദാപുരം കണ്‍ട്രോള്‍ റൂം ഡിവൈഎസ്പി അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. ദീപക്കിന്റേതെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയ ഇന്‍ഷാദിന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ദീപക്കും പ്രവാസിയായിരുന്നു എന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. ദീപക്കിന്റെ തിരോധാനത്തിന് പിന്നിലും സ്വർണക്കടത്ത് സംഘമാണോ എന്നാണ് അന്വേഷിക്കുന്നത്.
അബുദാബിയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി ദീപക് ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് നാട്ടില്‍ തന്നെ തുണിക്കട ആരംഭിച്ചു. അതിനിടെ ജൂണ്‍ ആറാം തിയ്യതി വീട്ടില്‍ നിന്നും ഇറങ്ങിയ ദീപകിനെകുറിച്ച് ഒരു മാസമായിട്ടും യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ ജൂലൈ 9 ന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജൂലൈ 17 ന് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുന്നത്.
മൃതദേഹം ദീപകിന്റെ ബന്ധുക്കള്‍ പരിശോധിച്ചെങ്കിലും ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തിരിച്ചറിയല്‍ അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ മൃതദേഹം വിട്ടുനല്‍കിയെങ്കിലും സംശയമുള്ളതിനാല്‍ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ദീപക് അല്ലെന്ന് കണ്ടെത്തിയത്.
അതിനിടെയാണ് സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയ ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എയുമായി മൃതദേഹത്തിന്റെ സാമ്പിള്‍ ഒത്തുനോക്കുകയും മരിച്ചത് ഇര്‍ഷാദാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്. തുടര്‍ന്ന് ദീപകിനെ കണ്ടെത്താനുള്ള ദൗത്യം മുന്നില്‍ വന്നുചേര്‍ന്നിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
Post Your Comments