ArticleNews

ലോക പ്രശസ്തരായ ഇന്ത്യയിലെ ഏറ്റവും മികച്ച കലാകാരന്‍മാരെ കുറിച്ച് അറിയാം

ചിത്രരചന, ഗാനരചന, പെയിന്റിംഗ്, ചലച്ചിത്ര സംവിധായകന്‍, ഗായിക തുടങ്ങി നിരവധി മേഖലകളില്‍ ഇന്ത്യയെ ലോക പ്രശസ്തിയിലേയ്ക്ക് നയിച്ചവര്‍ ഇവര്‍

ലോകം കണ്ട ഏറ്റവും മികച്ച കലാകാരന്‍മാരെ സൃഷ്ടിച്ച നാടാണ് ഇന്ത്യ. ചിത്രരചന, ഗാനരചന, പെയിന്റിംഗ്, ചലച്ചിത്ര സംവിധായകന്‍, ഗായിക തുടങ്ങി നിരവധി മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വിശ്വപ്രസിദ്ധരായ കലാകാരന്‍മാരെ ഇന്നും ലോകം ഓര്‍ക്കുന്നു.

ലോക പ്രശസ്തരായ ചില വ്യക്തികള്‍ ഇതാ..

രാജാ രവിവര്‍മ്മ ( 1848 ഏപ്രില്‍ 29-1906 ഒക്ടോബര്‍ 2)

രാജാക്കന്മാര്‍ക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവുമായിരുന്നു. ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്‌കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചു.

എഴുമാവില്‍ നീലകണ്ഠന്‍ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രില്‍ 29ന് കിളിമാനൂര്‍ കൊട്ടാരത്തില്‍ ജനിച്ചു.

രവിവര്‍മ്മ എണ്ണച്ചായത്തില്‍ വരച്ച ബക്കിങ്ങ്ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ് ഗവണ്‍മന്റ് ആസ്ഥാനത്ത് സ്ഥാപിച്ചതോടെ രവിവര്‍മ്മ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. 1871-ല്‍ മഹാരാജാവില്‍ നിന്ന് അദ്ദേഹത്തിന് വീരശൃംഖല ലഭിച്ചു, കൂടാതെ ആസ്ഥാന ചിത്രകാരനായി അവരോധിക്കപ്പെടുകയും ചെയ്തു. 1873-ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ പല യൂറോപ്പ്യന്‍ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവര്‍മ്മയുടെ ‘മുല്ലപ്പൂ ചൂടിയ നായര്‍ വനിതക്ക്’ ഒന്നാം സമ്മാനമായ സുവര്‍ണ്ണമുദ്ര ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടല്‍ കടന്നും പരക്കാന്‍ തുടങ്ങി. അതേകൊല്ലം തന്നെ വിയന്നയില്‍ നടന്ന ലോകകലാ പ്രദര്‍ശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു.

1874-ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ ‘തമിഴ്‌സ്ത്രീയുടെ ഗാനാലാപനം’ എന്ന ചിത്രം ഒന്നാം സമ്മാനത്തിനര്‍ഹമായി, അതോടു കൂടി രവിവര്‍മ്മയുടെ പ്രശസ്തി വീണ്ടും ഉയരങ്ങളിലേക്കെത്തി. 1876-ല്‍ മദ്രാസില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലേക്ക് രവിവര്‍മ്മ തന്റെ ‘ശകുന്തളയുടെ പ്രേമലേഖനം’ എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. പലരും എന്തു വിലകൊടുത്തും ആ ചിത്രം വാങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും ബക്കിങ്ങ്ഹാം പ്രഭു അതു നേരത്തേ തന്നെ വാങ്ങിയിരുന്നു. ഈ ചിത്രം കണ്ട സര്‍ മോണിയര്‍ വില്യംസ് തന്റെ അഭിജ്ഞാനശാകുന്തളത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമയ്ക്ക് മുഖചിത്രമായി ചേര്‍ക്കാന്‍ അനുവാദം തേടി. അങ്ങനെ 28 വയസ്സ് തികയും മുമ്പെ ലോകപ്രശസ്ത ചിത്രകാരനായി രവിവര്‍മ്മ മാറിയിരുന്നു.

1904-ല്‍ ബ്രിട്ടീഷ് ഭരണകൂടം ‘കൈസര്‍-എ-ഹിന്ദ് എന്ന മറ്റാര്‍ക്കും നല്‍കാത്ത ബഹുമതി രവിവര്‍മ്മയ്ക്ക് നല്‍കി

രബീന്ദ്രനാഥ ടാഗോര്‍ (മെയ് 7 1861 – ഓഗസ്റ്റ് 7 1941)

ഇന്ത്യയിലെ പ്രമുഖ സാഹിത്യകാരനും സാംസ്‌കാരികനായകനുമാണ് രബീന്ദ്രനാഥ ടാഗോര്‍. ഗുരുദേവ് എന്നും ആദരപൂര്‍വ്വം അദ്ദേഹത്തെ സംബോധന ചെയ്തിരുന്നു. കവി, തത്ത്വചിന്തകന്‍, ദൃശ്യകലാകാരന്‍, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹ്യ പരിഷ്‌കര്‍ത്താവ് തുടങ്ങിയ നിലകളില്‍ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതുരൂപം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാവ്യസമാഹാരമായ ഗീതാഞ്ജലിക്ക് 1913-ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്‌കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യവ്യക്തിയായി ടാഗോര്‍.

മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാസമാഹാരങ്ങള്‍, രണ്ടായിരത്തിമുന്നൂറോളം ഗാനങ്ങള്‍, അന്‍പത് നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖനസമാഹാരങ്ങള്‍ തുടങ്ങി ടാഗോറിന്റെ സാഹിത്യസംഭാവനകള്‍ നിരവധിയാണ്. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. അറുപത്തിയെട്ടാം വയസ്സില്‍ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങള്‍ രചിച്ചു. ബംഗാളിലെ മത-സാമൂഹിക-സാംസ്‌കാരികരംഗങ്ങളില്‍ പുരോഗമന-പരിഷ്‌കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകള്‍ നല്‍കിയ കുടുംബമാണ് കല്‍ക്കത്തയിലെ ജെറാസങ്കോ ടാഗോര്‍ കുടുംബം. രബീന്ദ്രനാഥ ടാഗോര്‍, അബനീന്ദ്രനാഥ ടാഗോര്‍, ഗഗനേന്ദ്രനാഥ ടാഗോര്‍ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യരംഗത്തും, മത-സാമൂഹിക പരിഷ്‌കരണരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേര്‍ ജെറാസങ്കോ ടാഗോര്‍ കുടുംബത്തിലുണ്ട്.

കൊല്‍ക്കത്തയില്‍ പീരലി ബ്രാഹ്മണ വംശത്തില്‍ പിറന്ന ടാഗോര്‍ എട്ടാമത്തെ വയസ്സില്‍ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വയസ്സില്‍ ടാഗോര്‍ ‘ഭാനുസിംഹന്‍’ എന്ന തൂലികാനാമത്തില്‍ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877 -ല്‍ ചെറുകഥകളും നാടകങ്ങളും രചിച്ചുതുടങ്ങി. ചെറുപ്രായത്തില്‍ത്തന്നെ ധാരാളം യാത്രചെയ്ത ടാഗോര്‍ തന്റെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തില്‍ തന്നെയാണ് നടത്തിയത്.

ടാഗോറിന്റെ കൃതികളില്‍ നിരവധി നോവലുകള്‍, ചെറുകഥകള്‍, ഗാനസമാഹാരങ്ങള്‍, നൃത്ത്യ-നാടകങ്ങള്‍, രാഷ്ട്രീയവും വ്യക്തിപരവുമായ ലേഖനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതിമാഹാത്മ്യവാദവും, തത്ത്വചിന്തയും ലോകപ്രശസ്തി നേടിയിരുന്നു. ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമനയുടെ ഉപജ്ഞാതാവ് രബീന്ദ്രനാഥ ടാഗോറാണ്.

എം.എഫ് ഹുസൈന്‍ (സെപ്റ്റംബര്‍ 17 1915 – ജൂണ്‍ 9 2011).

ഇന്ത്യയിലെ പ്രശസ്തനായ ആധുനികചിത്രകാരനായിരുന്നു മഖ്ബൂല്‍ ഫിദാ ഹുസൈന്‍ (എം.എഫ് ഹുസൈന്‍). 1915 സെപ്റ്റംബര്‍ 17-നു പാന്തിപ്പൂരില്‍ ജനിച്ചു. ഹുസൈന് ഒന്നര വയസ് ഉള്ളപ്പോള്‍ അമ്മ മരിച്ചു. പുനര്‍വിവാഹം ചെയ്ത അദ്ദേഹത്തിന്റെ പിതാവ് ഇന്‍ഡോറിലേക്ക് താമസം മാറി. ഇന്‍ഡോറില്‍ വിദ്യാലയ പഠനം പൂര്‍ത്തിയാക്കിയ ഹുസൈന്‍ 1935-ല്‍ ബോംബെയിലേക്ക് താമസം മാറി. അദ്ദേഹത്തിന് ബോംബെയിലെ സര്‍ ജെ.ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ പ്രവേശനം ലഭിച്ചു.

ഹുസൈന്‍ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940-കളിലാണ്. 1952-ല്‍ സൂറിച്ചില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദര്‍ശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ യൂറോപ്പിലും അമേരിക്കയിലും പരക്കെ അംഗീകാരം നേടി.

1966-ല്‍ പത്മശ്രീ,1973ല്‍ പത്മഭൂഷണ്‍ ,1991 ല്‍ പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ഇന്ത്യാ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 1967-ല്‍ ചിത്രകാരന്റെ കണ്ണുകളിലൂടെ എന്ന തന്റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിര്‍മ്മിച്ചു. ഈ ചിത്രം ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബേര്‍ (സ്വര്‍ണ്ണക്കരടി) പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തു. 2010 ല്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ചു. 2011 ജൂണ്‍ 9-ന് ലണ്ടനില്‍ വെച്ച് അന്തരിച്ചു.

സത്യജിത്ത് റായ് (1921 മെയ് 2-1992 ഏപ്രില്‍ 23)

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരില്‍ ഒരാളായാണ് സത്യജിത്ത് റായ്. കൊല്‍ക്കത്തയിലെ കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച സത്യജിത്ത് റായ് അവിടുത്തെ പ്രസിഡന്‍സി കോളേജിലും ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാലയിലും ആയിട്ടാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അഭിനേതാവായാണ് റായ് കലാജീവിതം ആരംഭിച്ചത്. ചലച്ചിത്രനിര്‍മ്മാതാവായ ഴാങ് റെന്‍വായെ
കണ്ടതും ബൈസിക്കിള്‍ തീവ്സ് എന്ന ഇറ്റാലിയന്‍ നിയോറിയലിസ്റ്റ് ചലച്ചിത്രം കണ്ടതും അദ്ദേഹത്തെ ചലച്ചിത്രനിര്‍മ്മാണരംഗത്തേക്ക് തിരിയാന്‍ പ്രേരിപ്പിച്ചു.

ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 37 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ആദ്യചിത്രമായ പഥേര്‍ പാഞ്ചാലി (1955) 11 അന്താരാഷ്ട്രപുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. കാന്‍ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമന്‍ ഡോക്യുമെന്റ് പുരസ്‌കാരവും ഇതില്‍പ്പെടും. പഥേര്‍ പാഞ്ചാലി, അപരാജിതോ, അപുര്‍ സന്‍സാര്‍ എന്നീ തുടര്‍ചിത്രങ്ങളാണ്അപുത്രയം എന്ന പേരില്‍ അറിയപ്പെടുന്നത്. തിരക്കഥാരചന, നടീനടന്മാരെ തെരഞ്ഞെടുക്കല്‍ പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം, പരസ്യകല എന്നിങ്ങനെ ചലച്ചിത്രനിര്‍മ്മാണരംഗത്തെ എല്ലാ മേഖലകളിലും റായ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

തന്റെ നീണ്ട ചലച്ചിത്ര,സാഹിത്യ ജീവിതത്തിനിടയില്‍ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും റായിയെ തേടിയെത്തിയിട്ടുണ്ട്. ഇതില്‍ ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്ന 32 ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളും ഉള്‍പ്പെടുന്നു. മൂന്ന് ‘പദ്മ’ പുരസ്‌കാരങ്ങളും പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നവും നേടിയ രണ്ടു പേരില്‍ ഒരാളാണ് റായി.

ഓക്‌സ്ഫോര്‍ഡ് യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കിയപ്പോള്‍ ചാര്‍ലി ചാപ്ലിനു ശേഷം ചലച്ചിത്രരംഗത്തുനിന്നും അത് നേടുന്ന രാണ്ടാമത്തെ വ്യക്തിയായി മാറി സത്യജിത് റായി. 1987-ല്‍ ഫ്രഞ്ച് ഗവണ്‍മെന്റ് അദ്ദേഹത്തിന് ലീജിയന്‍ ഓഫ് ഓണറും, 1985-ല്‍ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരവും റായിക്ക് ലഭിക്കുകയുണ്ടായി. അദ്ദേഹം മരിക്കുന്നതിനു അടുത്ത നാളുകളില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌നം സമ്മാനിച്ചു. അക്കാദമി ഓഫ് മോഷന്‍ പിച്ചര്‍ ആന്റ് സയന്‍സസ് അദ്ദേഹത്തിനു സമഗ്രസംഭാവനയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം 1992 -ല്‍ സമ്മാനിച്ചു. 1992-ല്‍ തന്നെ സംവിധാന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അകിര കുറസോവ പുരസ്‌കാരം സാന്‍ഫ്രാന്‍സിസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും ലഭിക്കുകയുണ്ടായി. അന്ന് ശര്‍മിള ടാഗോര്‍ റായിക്ക് വേണ്ടി പുരസ്‌കാരം സ്വീകരിക്കുകയും ചെയ്തു.

ലതാ മങ്കേഷ്‌കര്‍ ( 1929 സെപ്റ്റംബര്‍ 28- 2022 ഫെബ്രുവരി 6)

ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ലത മങ്കേഷ്‌കര്‍ 1929 സെപ്റ്റംബര്‍ 28ന് ഇന്‍ഡോറില്‍ ജനിച്ചു. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായിരുന്നു ലത. ലത മങ്കേഷ്‌കറിന്റെ ആദ്യനാമം ഹേമ എന്നായിരുന്നു – പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , പേര് ലത എന്നാക്കിമാറ്റുകയാണുണ്ടായത്.

പിതാവില്‍ നിന്നാണ് ലത, സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സില്‍ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. ലതയ്ക്ക് പതിമൂന്ന് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. കുടുംബം പോറ്റാന്‍വേണ്ടി ലത സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലത വളര്‍ന്നു. 1942-ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തില്‍ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്, എന്നാല്‍ ഈ ഗാനം സിനിമയില്‍ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വര്‍ഷം തന്നെ ലത, പാഹിലി മംഗള-ഗോര്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു.

1943-ല്‍ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. 1948-ല്‍ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേര്‍ത്തതാണെന്ന് പറഞ്ഞ് നിര്‍മ്മാതാവ് എസ്. മുഖര്‍ജി മടക്കി അയക്കുകയാണുണ്ടായത്. ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാ മങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്. ആ ശബ്ദമാണ് പിന്നീട് ഇന്ത്യ കീഴടക്കിയത്. 15 ഭാഷകളിലായി 40,000ത്തോളം സിനിമാ ഗാനങ്ങള്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറുമുണ്ട്.

പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌നം(2001), മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്.

1999 മുതല്‍ 2005 വരെ എന്‍.ഡി.എ മുന്നണിയുടെ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. 2022 ഫെബ്രുവരി 6ന് 92-ാം വയസില്‍ മുംബൈയില്‍ വച്ച് കോവിഡ് രോഗബാധിതയായി അന്തരിച്ചു.

shortlink

Post Your Comments


Back to top button