തൃശൂർ: രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിയിച്ച മലയാള ചലച്ചിത്രം ‘ജന ഗണ മന’ യുടെ റിലീസിന് ശേഷം എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ പരിപാടികളിലേക്ക് വിളിച്ച അനുഭവം പങ്കുവച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. എസ്.ഡി.പി.ഐയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആവശ്യമായിരുന്നത് തന്റെ പേരിന് അറ്റത്തുള്ള മുഹമ്മദിനെ ആയിരുന്നുവെന്നും രണ്ട് പ്രസ്ഥാനത്തോടും എന്തുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയെ വിളിക്കുന്നില്ലെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യം നിങ്ങളെയാണ് എന്നായിരുന്നു മറുപടിയെന്നും ഷാരിസ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എം.എസ്.എഫിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ സുഹൃത്തുക്കളും പലരും തന്നെ നിരുത്സാഹപ്പെടുത്തിയെന്നും ഇതിനൊക്കെ പോയാല്‍ ചിലപ്പോള്‍ അടുത്ത തവണത്തെ അവാര്‍ഡിന് പരിഗണിക്കില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. എം.എസ്.എഫിന്റെ പരിപാടിക്ക് പോയിട്ട് അവാര്‍ഡ് നിഷേധിക്കുന്നുവെങ്കില്‍ ആ നഷ്ടമാണ് എനിക്ക് ഏറ്റവും വലിയ അവാര്‍ഡ് എന്നും ഷാരിസ് കൂട്ടിച്ചേര്‍ത്തു.
‘എന്റെ ആദ്യത്തെ വേദിയല്ല ഇത്. ‘ജന ഗണ മന’ റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി ഐയുടെ നേതാവ് അവരുടെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിന് വിളിച്ചു. ഞാന്‍ വരില്ലെന്ന് പറഞ്ഞു. സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയെ എന്തുകൊണ്ട് വിളിച്ചില്ലെന്ന് ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞത് ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളെയാണ് എന്നാണ്. ഞാന്‍ മനസിലാക്കിയ കാര്യം അവര്‍ക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു. ഇങ്ങനെയൊരു സിനിമയാണോ ചെയ്തതെന്ന് ഞാന്‍ ഓര്‍ത്തു’- ഷാരിസ് വ്യക്തമാക്കി.
‘അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് വിളിച്ചു. അവരുടെ ഇസ്‌ലാമോഫോബിയ സമ്മേളനത്തില്‍ സംസാരിക്കാന്‍. ഞാന്‍ പറഞ്ഞു, എനിക്കെന്ത് ഇസ്‌ലാമോഫോബിയ?. ഞാന്‍ ചോദിച്ചു എന്തുകൊണ്ട് ഡിജോയെ വിളിച്ചില്ല. അവരും പറഞ്ഞു ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളെയാണ്. ഇങ്ങനെയൊരു സിനിമയാണോ ഞാന്‍ ചെയ്തത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഷാഫി പറമ്പില്‍ വിളിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരില്‍ സംസാരിക്കാമോ എന്നു ചോദിക്കുന്നത്. ഇക്കാര്യം സുഹൃത്തുക്കളുമായി സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് നിന്റെ സിനിമ ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്, നീ ഇതിനൊക്കെ പോയാല്‍ ചിലപ്പോള്‍ അടുത്ത തവണത്തെ അവാര്‍ഡിന് നിന്നെ പരിഗണിക്കില്ലെന്ന്. എം.എസ്.എഫിന്റെ പരിപാടിക്ക് പോയിട്ട് അവാര്‍ഡ് നിഷേധിക്കുന്നുവെങ്കില്‍ ആ നഷ്ടമാണ് എനിക്ക് ഏറ്റവും വലിയ അവാര്‍ഡ്’- ഷാരിസ് മുഹമ്മദ് പറഞ്ഞു.
Post Your Comments