കൊച്ചി: യുവതാരം ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ എത്തി. ഒട്ടകപ്പുറത്ത് അറബി വേഷത്തില്‍ ഇരിക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അനൂപ് പന്തളമാണ്. മേപ്പടിയാന്‍ എന്ന വിജയ ചിത്രത്തിന് ശേഷം, ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’.
റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്നര്‍ എന്ന വിഭാഗത്തില്‍ എത്തുന്ന ചിത്രം ‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ അച്ഛനും അഭിനയിക്കുന്നുണ്ട്. മനോജ് കെ ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷാന്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. എല്‍ദോ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജന്‍.
Post Your Comments