തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നലോടു കൂടി തുടര്‍ച്ചയായ മഴ പെയ്യുന്നതിനാല്‍ പ്രാദേശികമായ ചെറു മിന്നല്‍പ്രളയം ഉണ്ടാകാമെന്നു കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പു നല്കി. ചൊവ്വാഴ്ച മുതല്‍ മഴ ഒന്നു കൂടി ശക്തമാകും. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത കൂടുതലാണ്. വനമേഖലയില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണു മഴ സജീവമാക്കുന്നത്. ഇതു ന്യൂനമര്‍ദ്ദമായി മാറിയേക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തമായ മഴയ്ക്ക് അനുകൂലമാണ്.
Read Also: കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇപ്പോഴും മഴ ശമിച്ചിട്ടില്ല.കോട്ടയത്താണ് മഴ ഏറെ നാശം വിതച്ചത്. മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നദികള്‍, ജലാശയങ്ങള്‍, തോടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. കടലില്‍ ഇറങ്ങരുത്. രാത്രി യാത്രകളും വിനോദ സഞ്ചാര യാത്രകളും പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങള്‍ വേഗത കുറച്ച് പോകണമെന്നും നിര്‍ദ്ദേശമുണ്ട്.
ശക്തമായ കാറ്റിനൊപ്പം കടല്‍ക്ഷോഭത്തിനും സാധ്യത ഉണ്ട്. ട്രോളിങ് അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ വരുന്ന നാലു ദിവസവും കടലില്‍ പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Post Your Comments