കൊൽക്കത്ത : നടി അർപ്പിത മുഖർജിയുടെ ഫ്ലാറ്റുകളിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്ത 50 കോടി രൂപ തന്റേതല്ലെന്ന് വ്യക്തമാക്കി മുൻ മന്ത്രി പാർഥ ചാറ്റർജി. ആ പണം ആരുടേതാണെന്ന് താൻ വെളിപ്പെടുത്തുമെന്നും തനിക്കെതിരെ ഗൂഢാലോചന ആണ് നടന്നതെന്നും പാർഥ മാധ്യമങ്ങളോട് പറഞ്ഞു.
മമതയ്ക്കെതിരെ ആണ് പാർഥയുടെ ഒളിയമ്പ്. ഇഡി ചോദ്യംചെയ്യലിനു മുന്നോടിയായി ജോക്കയിലെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴാണ് പാർഥ ഇക്കാര്യം പറഞ്ഞത്. മന്ത്രിസ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെ പാർട്ടിയിൽനിന്നു കൂടി പുറത്താക്കിയത് പാർഥയെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം മമതയുടെ അനന്തിരവൻ അഭിഷേക് ബാനർജിയുടെ ടീം പാർഥയ്ക്കെതിരെ നീക്കം നടത്തുന്നുണ്ട്.
ഇപ്പോൾ ഗൂഢാലോചനാവാദം ആരോപിക്കുന്ന പാർഥ അറസ്റ്റ് ചെയ്തപ്പോൾ എന്തിനാണു മൗനം പാലിച്ചതെന്ന് തൃണമൂൽ ജനറൽ സെക്രട്ടറി കുനാൽ ഘോഷ് ചോദിച്ചു. കോടതിയിൽ പോകാനും നിരപരാധിത്വം തെളിയിക്കാനും പാർഥയ്ക്ക് അവസരമുണ്ടെന്നും കുനാൽ ചൂണ്ടിക്കാട്ടി. പാർഥയുടെ ഉടമസ്ഥതയിൽ നഗരത്തിലുള്ള കെട്ടിടങ്ങൾ അനധികൃതമാണോയെന്ന് പാർട്ടി ഭരിക്കുന്ന കോർപ്പറേഷനും അന്വേഷണം തുടങ്ങി. ഇതോടെ പാർഥയെ പാർട്ടി കയ്യൊഴിയുന്നു എന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.
Post Your Comments