മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്‌ക്ക് മുന്നറിയിപ്പുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താൻ സംസാരിക്കാൻ തുടങ്ങിയാൽ ഇവിടെ ഭൂകമ്പമായിരിക്കും സംഭവിക്കുകയെന്ന് ഏകനാഥ് ഷിൻഡെ മുന്നറിയിപ്പ് നൽകി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പല അഴിമതികളും പുറത്ത് കൊണ്ടുവരുമെന്ന സൂചനയാണിതെന്നാണ് മനസ്സിലാക്കുന്നത്. ശനിയാഴ്ച മാലേഗാവിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു ഷിൻഡെ.
താൻ അഭിമുഖങ്ങൾ നൽകി തുടങ്ങിയാൽ ഇവിടെ ഭൂകമ്പമുണ്ടാകും. ചിലരെപ്പോലെ എല്ലാവർഷവും അവധിക്ക് വിദേശയാത്ര നടത്തിയിട്ടില്ല. ശിവസേനയും അതിന്റെ ഉയർച്ചയും മാത്രമായിരുന്നു മനസിലെന്നും ഷിൻഡെ വ്യക്തമാക്കി. മുഖ്യമന്ത്രിയാകാൻ വേണ്ടി മാത്രം ബാലാസാഹേബിന്റെ ആശയങ്ങളോട് വിട്ടുവീഴ്ച ചെയ്തവരെ എന്താണ് വിളിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ബാലാസാഹേബ് താക്കറെയുടെ പൈതൃകം സംരക്ഷിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടതിനാലാണ് താൻ വിമതനായി മാറിയതെന്ന് ഷിൻഡെ പറഞ്ഞു.
ബിജെപിയുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിച്ച ശിവസേന വിജയിച്ചു കഴിഞ്ഞപ്പോൾ കോൺഗ്രസും എൻസിപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചത് വിശ്വാസവഞ്ചനയായിരുന്നുവെന്നും ഷിൻഡെ ചൂണ്ടിക്കാട്ടി . അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗം ബിജെപിയുമായി ചേർന്ന് മത്സരിച്ച് 288-ൽ 200 സീറ്റും നേടിയെടുക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Post Your Comments