മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിലെടുത്തു. 9 മണിക്കൂർ ഇന്ന് ചോദ്യം ചെയ്തിരുന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യലിനു ശേഷമാണ് നടപടി. മുംബൈയിലെ വസതിയിൽ എത്തിയായിരുന്നു പരിശോധനയും ചോദ്യംചെയ്യലും. ഭവന നിർമ്മാണപദ്ധതിയുമായി ബന്ധപ്പെട്ട കേസിലെ അഴിമതിയിലാണ് ചോദ്യം ചെയ്തത്. സഞ്ജയ് റാവത്തും കുടുംബവും വീട്ടിലുണ്ടായിരുന്നു.
നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഇഡി സംഘം വീട്ടിൽ നിന്ന് ചില രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അർധസൈനിക വിഭാഗത്തിന്റെ സുരക്ഷയോടെയായിരുന്നു ഇഡി നടപടി. സഞ്ജയ് റാവത്തിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ വീടിന് മുൻപിൽ തടിച്ചുകൂടിയിരുന്നു.
നേരത്തെ സഞ്ജയ് റാവുത്തിന്റെ കുടുംബത്തിന്റെ 11 കോടിയോളം രൂപയുടെ ആസ്തി ഇ.ഡി. കണ്ടുകെട്ടിയിരുന്നു. തെറ്റായ നടപടിയെന്നും കെട്ടിച്ചമച്ച തെളിവുകളെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന വിടില്ലെന്നും മരിച്ചാലും കീഴടങ്ങില്ലെന്നും ട്വീറ്റ് ചെയ്തു.
Post Your Comments