Latest NewsKeralaNews

കേരളത്തിന് 22000 കിലോലിറ്റര്‍ മണ്ണെണ്ണ ലഭിക്കും: മന്ത്രി ജി.ആര്‍ അനില്‍

 

ആലപ്പുഴ: കേരളത്തിന് 22000 കിലോലിറ്റര്‍ മണ്ണെണ്ണ കേന്ദ്രം അനുവദിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. മംഗലം മാളികമുക്കില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 

രാജ്യത്ത് മണ്ണെണ്ണയുടെ ഉത്പാദനവും കേരളത്തിന് ലഭിക്കുന്ന വിഹിതവും ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ മത്സ്യബന്ധന മേഖലയില്‍ ഉള്‍പ്പെടെ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരുമായി തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അധികമായി മണ്ണെണ്ണ അനുവദിക്കുന്നത്. റാഗി അനുവദിക്കുന്നതും പരിഗണിക്കാമെന്ന് കേന്ദ്ര ഭക്ഷമന്ത്രി അറിയിച്ചിട്ടുണ്ട്. അധികം താമസിയാതെ ഇത് ലഭിച്ചാല്‍ ഓണത്തിനു മുന്‍പ് റേഷന്‍ കടകളിലൂടെ റാഗി വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ഭക്ഷ്യോത്പന്നങ്ങള്‍ ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ കേരളം മാതൃകയാണ്. മറ്റൊരു സംസ്ഥാനത്തും വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുള്ള സംവിധാനമില്ല. പൊതുവിപണിയില്‍ അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായാണ് സപ്ലൈകോ സ്റ്റോറുകള്‍ വ്യാപകമായി തുറക്കുന്നത്.

 

ഭക്ഷ്യ ധാന്യങ്ങള്‍ക്ക് കേന്ദ്രം ജി.എസ്.ടി പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ സപ്ലൈക്കോ ഔട്ട്ലെറ്റുകള്‍ വഴി കഴിഞ്ഞ ആറു വര്‍ഷമായി വിതരണം ചെയ്യുന്ന 13 ഉത്പന്നങ്ങളുടെ മേല്‍ ജി.എസ്.ടി ഏര്‍പ്പെടുത്തില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ഓണക്കിറ്റുകളുടെ വിതരണം ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

മംഗലം വിഷ്ണു ക്ഷേത്രത്തിനു സമീപം നടന്ന ചടങ്ങിൽ‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് ആദ്യവില്‍പ്പന നിര്‍വഹിച്ചു.

 

അഡ്വ. എ.എം ആരിഫ് എം.പി, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എസ്.എം ഹുസൈന്‍, കൗണ്‍സിലര്‍ ജെസ്സി ജോഷി, സപ്ലൈകോ മേഖലാ മാനേജര്‍ വി.പി ലീല കൃഷ്ണന്‍, ഡിപ്പോ മാനേജര്‍ ഡി. ഓമനക്കുട്ടന്‍, മറ്റ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button