വ്യക്തി ജീവിതത്തിൽ താൻ നേരിടുന്ന ചില പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയതിൽ തന്നെ വിമർശിക്കുന്നവരോട് അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. ആരുടെയെങ്കിലും സഹതാപം ലഭിക്കാനോ പ്രശസ്തി കിട്ടാനോ വേണ്ടിയല്ലെന്ന് അദ്ദേഹം പറയുന്നു. തനിക്ക് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് സോഷ്യൽ മീഡിയയിൽ എഴുതി തുടങ്ങിയതെന്ന് അദ്ദേഹമ പറയുന്നു. പോലീസുമായി മുൻപ് ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സനൽ കുമാർ ശശിധരന്റെ ഫേസ്ബുക് പോസ്റ്റ്:
ഞാൻ നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതുമ്പോൾ പലരും എനിക്ക് പ്രാന്താണ് എന്നും ലജ്ജാകരമാണ് ഈ എഴുത്തെന്നും ക്രിയേറ്റിവിറ്റിയിൽ ശ്രദ്ധിക്കൂ എന്നുമൊക്കെ കമെന്റഴുതുന്നത് കാണുന്നു. എന്റെ പ്രശ്നങ്ങൾ ഞാൻ പൊതുസമൂഹത്തിൽ വിളിച്ചുപറയുന്നത് ആരുടെയെങ്കിലും സഹതാപം എനിക്ക് ലഭിക്കാനോ പ്രശസ്തി കിട്ടും എന്ന വ്യാമോഹം കൊണ്ടോ അല്ല. 2019 അവസാനം മുതൽ എന്റെ ജീവനെടുക്കാനും അതിന് സഹായിക്കുന്ന രീതിയിൽ എന്റെ സിനിമകളെ പൊതുസമൂഹത്തിൽ നിന്നും മായ്ച്ചു കളയാനും ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. ഇത് മനസിലായപ്പോൾ ഞാൻ ആദ്യം സോഷ്യൽ മീഡിയയിൽ എഴുതുക ആയിരുന്നില്ല ചെയ്തത്. കാഴ്ച-നിവ് ഓഫീസിൽ ദുരൂഹമായ ക്രിമിനൽ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് മനസിലായപ്പോൾ തെളിവുകൾ നശിപ്പിക്കപെടരുത് എന്നുള്ളതുകൊണ്ട് ഞാൻ ഓഫീസ് പൂട്ടി അവിടെ നിന്നും പുറത്തിറങ്ങുകയും ഡിജിപിക്ക് ഒരു പരാതി കൊടുക്കുകയും ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ ആ പരാതിയിൽ ഒരു ട്രാൻസ്‌ജെണ്ടറിന്റെ ദുരുഹമരണം സംബന്ധിച്ച വ്യക്തമായ ചില സൂചനകളും സംശയങ്ങളും ഉണ്ടായിരുന്നിട്ടു പോലും അതിൽ യാതൊരു അന്വേഷണവും നടന്നില്ല. എന്നിട്ടും ഞാനിതൊന്നും ഫെയ്സ്ബുക്കിൽ എഴുതുകയല്ല ചെയ്തത്. പ്രധാനമന്ത്രിക്ക് അതേക്കുറിച്ച് ഒരു പരാതി കൊടുക്കുകയും എന്റെ സിനിമാ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയുമാണ് ഉണ്ടായത്.
എന്നാൽ 2021 ആഗസ്റ്റ് മാസത്തോടെ കയറ്റം എന്ന സിനിമ പുറത്തിറങ്ങാതിരിക്കാനും അതിന്റെ വാർത്തകൾ പോലും പുറത്തുവരാതിരിക്കാനും പ്രവർത്തിക്കുന്നത് അതിന്റെ നിർമാതാക്കളോ അവരുമായി ബന്ധപ്പെട്ടവരോ ആണെന്ന് മനസിലായപ്പോഴാണ് ഞാൻ ചില അന്വേഷണങ്ങൾ നടത്തിയത്. ഞാനറിയരുത് എന്ന കടുത്ത സൂക്ഷ്മതയോടെ എന്നെ കുറിച്ച് അപകീർത്തി പ്രചരിപ്പിക്കുകയും എന്റെ വിക്കിപീഡിയ പേജിൽ “ആധികാരികത സംശയിക്കുന്നു” എന്ന് ടാഗ് പ്രത്യക്ഷപ്പെടുകയും ചെയ്തു എന്ന് എനിക്ക് മനസിലായി. എന്റെ സോഷ്യൽ മീഡിയയും ഇമെയിലും ഫോണും ഒക്കെ നിരന്തരം ഹാക്ക് ചെയ്യപ്പെടുന്നതും എന്നെ അപരിചിതർ പിന്തുടരുന്നതും വീട്ടിൽ വരുന്നതും ശ്രദ്ധിച്ചപ്പോഴാണ് എന്റെ ജീവൻ അപകടത്തിലാണെന്ന് എനിക്ക് മനസിലാവുന്നത്. അപ്പോഴും ഞാൻ സോഷ്യൽ മീഡിയയിൽ എഴുതുകയല്ല ആദ്യം ചെയ്തത്. നിയമപരമായ പരാതികൾ നൽകിയിട്ടും കാര്യമില്ലാതെ വന്നപ്പോഴാണ് ആദ്യമായി ഞാനിക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്. നിയമവാഴ്ച നടക്കുന്നില്ല എന്നുള്ള സ്ഥലങ്ങളിൽ നിലവിളി അല്ലാതെ മറ്റ് മാർഗങ്ങളില്ല. അതുകൊണ്ടാണ് കാട്ടിലെ മൃഗങ്ങൾ അക്രമം നേരിടുമ്പോൾ നിലവിളിക്കുന്നത്. ഞാൻ കൊടുത്തിട്ടുള്ള പരാതികളിൽ ഒന്നുപോലും പോലീസ് അന്വേഷിച്ചിട്ടില്ല എന്നതുകൊണ്ട് നിയമവാഴ്ചയിൽ എനിക്ക് വിശ്വാസമില്ല. അതുകൊണ്ട് എന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഒരു നിലവിളിയായി കണ്ടാൽ മതി. തവളയെ പാമ്പ് വിഴുങ്ങുന്നതും കണ്ടു നിന്ന് ചിരിക്കാനും അട്ടഹസിക്കാനും മനസുള്ള മനുഷ്യർ എന്റെ എഴുത്തുകളെ നോക്കി അട്ടഹസിക്കുന്നതിൽ അതിശയമില്ല. അവർക്കും നിലവിളിക്കാനുള്ള അവസരം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കാനെ കഴിയുകയുള്ളു.
എന്നെ ലക്ഷ്യം വെയ്ക്കുന്നതേക്കാൾ എന്റെ സിനിമകളെ ലക്‌ഷ്യം വെയ്ക്കുന്നത് എന്തിന് എന്ന അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് കയറ്റം എന്ന സിനിമ ചെയ്യാൻ ആരംഭിച്ചത് മുതലാണ് ഇതിന്റെയൊക്കെ തുടക്കം എന്ന അറിവിലേക്കാണ്. കാഴ്ച-നിവ് ഓഫീസിൽ അപരിചിതർ വന്നുപോകുന്നതും മറ്റ് ദുരൂഹ പ്രവർത്തനങ്ങളും ആരംഭിക്കുന്നത് ആ സമയത്താണ്. അത് ശ്രദ്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓഫീസ് സ്പെയ്സ് മറ്റെന്തൊക്കെയോ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന് മനസിലാവുന്നതും ഞാൻ പരാതികൊടുക്കുന്നതും. എനിക്കെതിരെയുള്ള അപകീർത്തികൾ പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് അന്ന് ആ ഓഫീസിലും അതിന്റെ നടത്തിപ്പിലും മുന്നിൽ നിന്ന ആളുകളാണ് എന്നെനിക്കറിയാം. ഇന്നലെ ജോജു ജോർജ്ജ് എന്നെ വിളിച്ചു സംസാരിക്കുമ്പോൾ പറഞ്ഞത് ഞാൻ ഷാജി മാത്യുവിനെ ചതിച്ചു എന്നും അയാൾക്കെതിരെ കേസ് കൊടുതെന്നും അയാൾ പറഞ്ഞു എന്നാണ്. എന്നാൽ ഷാജി മാത്യു അങ്ങനെ ഒരു കാര്യം എന്നോട് പറഞ്ഞിട്ടേയില്ല. എന്നോട് അങ്ങനെ ഒരു ആരോപണവും ഉന്നയിക്കാത്ത ആൾ മറ്റൊരാളോട് ഞാൻ ചതിച്ചു വഞ്ചിച്ചു എന്ന് പറഞ്ഞു നടക്കുന്നെങ്കിൽ അതിൽ ദുരുദ്ദേശമില്ലേ? എന്നെകുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന അപകീർത്തികളും മാനിപുലേറ്റഡ് ആണെന്ന് ഞാൻ വിശ്വസിക്കുന്നു.
കയറ്റം മാത്രമല്ല എന്റെ സിനിമകൾ മുഴുവനായും നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന് ആദ്യമായി ഞാൻ മനസിലാക്കുന്നത് നിവിന്റെ യുട്യൂബ്ബ് ചാനലിൽ നിന്നും ഒഴിവുദിവസത്തെ കളി എന്ന സിനിമ പെട്ടെന്ന് പിൻവലിച്ചിരിക്കുന്നത് കണ്ടപ്പോഴാണ്. ഒഴിവുദിവസത്തെ കളിയും എസ് ദുർഗയും എന്റെ യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യാൻ അനുമതി തന്ന ശേഷം ഞാൻ അപ്ലോഡ് ചെയ്യുമ്പോൾ കോപ്പിറൈറ്റ് സ്ട്രൈക്ക് ഉണ്ടാവുകയും ചെയ്തിരുന്നു. ഞാൻ അതേക്കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതിനു ശേഷമാണ് അതിന്റെ പ്രശ്‍നം പരിഹരിക്കപ്പെട്ടത്. എന്നെ ഗുണ്ടകളെ അയച്ച് കൊന്നുകളയാൻ ബുദ്ധിമുട്ടാണ് എന്ന് മനസിലായപ്പോഴാണ് പോലീസിനെ കൊണ്ട് ഒരു കള്ളക്കേസ് എടുപ്പിച്ച് പരമരഹസ്യമായി പിടിച്ചുകൊണ്ടുപോകാൻ പദ്ധതിയിട്ടത്. അതും സോഷ്യൽ മീഡിയയിലെ എന്റെ നിലവിളി കാരണം തകർന്ന് പോയപ്പോൾ എന്നെ സ്റ്റേഷനിൽ നിന്നുതന്നെ ജാമ്യത്തിൽ വിട്ടാൽ മതിയെന്നായി പോലീസിന്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയയുടെ സൗകര്യത്തിനനുസരിച്ചാണ് എനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ജൂറിസ്‌ഡിക്ഷൻ ഇല്ലാത്ത എളമക്കര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. അതിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ ഗൂഡാലോചന വ്യക്തമാണ്. ഈ മാഫിയക്ക് ഭരണകൂടത്തിൽ ശക്തമായ സ്വാധീനം ഉള്ളതുകൊണ്ടാണ് ഇതൊന്നും അന്വേഷിക്കപ്പെടാതെ പോകുന്നത്.
ഈ സംഭവപാരമ്പരകളുടെ ഒരു തുടർച്ചയാണ് ചോല എന്ന സിനിമയ്ക്കെതിരെ നടക്കുന്നത്. ചോലയുടെ കാര്യത്തിൽ ഞാൻ ആകെ ചെയ്തത് അതിൽ എനിക്കുള്ള അവകാശത്തിന് പകരം അത് എന്റെ യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യാൻ അനുവദിക്കണം എന്ന് ആവശ്യപ്പെടുക മാത്രമാണ്. എന്നാൽ അത് ആവശ്യപ്പെട്ടുകൊണ്ട് ചോലയുടെ വിതരണകാര്യം നോക്കുന്ന സുരാജിനെ വിളിച്ചപ്പോൾ അയാൾ പറഞ്ഞത് ചോലയും അതിന്റെ തമിഴ് പതിപ്പായ അല്ലിയും ദിലീപ് വാങ്ങുന്നു എന്നും ജോജുവിനോട് ചോദിച്ചിട്ട് ബാക്കി പറയാം എന്നുമാണ്. ഇയാൾ ആരാണെന്ന് എനിക്കറിയില്ല. എന്നെപ്പോലെ നിങ്ങൾക്കും ആ പേരിന്റെ മേൽ സംശയങ്ങൾ ഉണ്ടായേക്കാം എന്നതുകൊണ്ടാണ് ഞാൻ ഇതുവരെ എഴുതാതെ ഇരുന്നത്.
എന്നാൽ ഇന്നലെ ജോജു എന്നെ വിളിച്ച് ചീത്തപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്ഥിതിക്ക് പറയാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നു. ചോലയുടെ അന്താരാഷ്ട്ര വിതരണം ഉടൻ നിർത്തിവെയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജോജു കത്തയച്ചത് എന്റെ സംശയം ബലപ്പെടുത്തുന്നു. ചോലയുടെ അന്തരാഷ്ട്ര വിതരണം നടത്തുന്നതിന് ജോജു കയ്യിൽ നിന്നും പണം നൽകാത്തത് കൊണ്ട് അത് നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാൻ ഒരു കാരണവുമില്ല. അങ്ങനെ ചെയ്യുന്നതിന് മുൻപ് എന്നോട് പറയാതിരിക്കാനും കാരണമില്ല. രണ്ടാമതായി ചോലയിൽ എനിക്കുള്ള അവകാശം പണമായി അല്ല ഞാൻ ആവശ്യപ്പെട്ടത്. എന്റെ യുട്യൂബിൽ അപ്ലോഡ് ചെയ്യാനുള്ള അവകാശമാണ് ചോദിച്ചത് അതിനും പണം ചെലവില്ല. എന്തുകൊണ്ടാണ് ജോജു അത് നിഷേധിക്കുന്നതെന്നും എന്നെ ഭീഷണിപെടുത്തുന്നത് എന്നും അറിയില്ല. എനിക്ക് ന്യായമായും സംശയിക്കാവുന്ന ഒരു കാരണമേയുള്ളു ചോല ഞാനറിയാതെ മറ്റാർക്കോ വിറ്റിട്ടുണ്ട്. ആ സിനിമ ഇനി വെളിച്ചം കാണരുതെന്ന് അയാൾക്ക് നിർബന്ധമുണ്ട്.
സുഹൃത്തുക്കളെ ഞാനിതൊക്കെ പറയുന്നത് പ്രാന്തുകൊണ്ടല്ല. ഇതൊക്കെയാണ് സംഭവിക്കുന്നത്. മറ്റൊരിടത്തും പറഞ്ഞിട്ട് കാര്യമില്ല എന്നതുകൊണ്ടാണ്. മിണ്ടാതിരിക്കാൻ കഴിയുന്ന കാര്യങ്ങളുമല്ല. ഇതെല്ലാം സത്യമാണെന്നും ഇതെല്ലാം കാരണം ഞാൻ കടന്നുപോകുന്നത് അപകടകരമായ ഒരു ഘട്ടമാണെന്നും നേരിട്ടറിയാവുന്ന പലരുമുണ്ട്. ആരും മിണ്ടാത്തത് ഭയം കൊണ്ടും സ്വാർത്ഥത കൊണ്ടുമാണ്. ആരെങ്കിലും സഹായിക്കുമെന്ന് കരുതിയല്ല ഞാനിതൊക്കെ പറയുന്നതും. നാളെ നിങ്ങൾക്കും ഇതുപോലുള്ള അവസ്ഥകൾ വരുമ്പോൾ മറ്റൊരാൾ ഇത് പറഞ്ഞപ്പോൾ ഞാൻ വാപൊളിച്ച് ചിരിക്കുകയും കുത്തുവാക്കുകൾ പറയുകയും ചെയ്ത ആളാണെന്ന് നിങ്ങൾക്ക് സ്വയം ഓർക്കാൻ വേണ്ടി മാത്രം.
Post Your Comments