തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ പത്ത് ലക്ഷം രൂപ നിക്ഷേപിച്ച് തട്ടിപ്പിനിരയായ വൃക്കരോഗിക്കും കുടുംബത്തിനും സഹായമായി നടൻ സുരേഷ് ഗോപി. തൃശ്ശൂർ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനാണ് സുരേഷ് ഗോപിയുടെ സഹായം ലഭിക്കുന്നത്. ജോസഫിന്റെ മക്കളുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകുമെന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്.
സെറിബ്രൽ പാൾസി ബാധിച്ച രണ്ടു മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകിയില്ല എന്ന് ജോസഫ് പറഞ്ഞിരുന്നു. വൃക്കരോഗിയാണ് ജോസഫ്. റാണിക്ക് വയറ്റിൽ മുഴയുണ്ടെന്ന് ഈയിടെ സ്ഥിരീകരിച്ചിരുന്നു. പത്ത് ലക്ഷം രൂപയാണ് ജോസഫ് ബാങ്കിൽ നിക്ഷേപിച്ചത്. തട്ടിപ്പിനിരയായതോടെ ഇവരുടെ സ്ഥിതി ആകെ മോശമാണ്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജോസഫിന്റെ വാർത്ത ശ്രദ്ധയിൽ പെട്ട സുരേഷ് ഗോപി ഇവരെ സഹായിക്കാമെന്ന് അറിയിക്കുകയായിരുന്നു.
പണം ചോദിച്ചപ്പോൾ തരാതിരിക്കുകയും പ്രശ്നമാക്കിയപ്പോൾ ബോണ്ട് വാങ്ങി പതിനായിരം രൂപ തന്നുവെന്നുമാണ് ജോസഫ് പറഞ്ഞത്. പിന്നെ ആറു മാസം കഴിഞ്ഞ് വീണ്ടുമൊരു പതിനായിരം ജോസഫിന് കിട്ടി. എന്നാൽ, നിക്ഷേപിച്ചതിന്റെ ഒരംശം പോലെ കിട്ടാതെ വന്നതോടെ ജോസഫ് ആകെ പ്രതിസന്ധിയിലായി. പണം ചോദിച്ച് ചെല്ലുമ്പോഴൊക്കെ വലിയ പ്രശ്നങ്ങൾക്ക് നടുവിൽ ആണ് തങ്ങളെന്നായിരുന്നു ബാങ്കിൽ നിന്നും കിട്ടിയ മറുപടി. ഇപ്പോളാരും പൈസ അടയ്ക്കുന്നില്ലെന്നും അടയ്ക്കുമ്പോൾ തരാമെന്നുമാണ് ബാങ്കിൽനിന്ന് ലഭിച്ച മറുപടിയെന്ന് റാണിയും പ്രതികരിച്ചു.
Post Your Comments