എറണാകുളം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈ വര്‍ഷം വിപുലമായ ഓണം ഫെയറുകള്‍ ആഗസ്റ്റ് 27 മുതല്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് ഭക്ഷ്യവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷമായി ആഘോഷങ്ങള്‍ക്കെല്ലാം നിയന്ത്രണമായിരുന്നു. എന്നാല്‍, ഈ വര്‍ഷം അതിനു മാറ്റം വരികയാണെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളിലൂടെ ഗുണനിലവാരമുള്ള അവശ്യസാധനങ്ങള്‍ വില്‍പ്പന നടന്നതിനും ക്രമീകരണങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 27 ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 27ന് തന്നെ ജില്ലാ ഫെയറുകള്‍ ആരംഭിക്കും. എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ ഫെയറുകളും സംഘടിപ്പിക്കും. 27 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് ഫെയറുകള്‍. സംസ്ഥാനത്ത് 140 നിയോജകമണ്ഡലങ്ങളിലും സെപ്റ്റംബര്‍ 1 മുതല്‍ ഫെയറുകള്‍ സംഘടിപ്പിക്കും. പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇവിടെ നിന്നും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 500 സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഫെയറുകള്‍ നടത്തും. പഴം, പച്ചക്കറികള്‍ ഉള്‍പ്പെടെ കാര്‍ഷിക വിഭവങ്ങള്‍ വില്പന നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഫെയറുകളില്‍ ചെയ്യും. ഹോര്‍ട്ടികോര്‍പ്പ്, മില്‍മ, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ (എം.പി.ഐ) തുടങ്ങിയ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ മേളയില്‍ വില്‍പ്പന നടത്തുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments