Latest NewsKeralaIndia

ആയുഷ്കാല സമ്പാദ്യം നിക്ഷേപിച്ചവർ പെരുവഴിയിൽ! കരുവന്നൂരിൽ നടന്നത് 312 കോടിയുടെ വെട്ടിപ്പ്

11,000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് ഭരണസമിതി വെട്ടിച്ചത്.

സമീപകാലയളവിൽ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂരിൽ നടന്നത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുടെ നേതൃത്വത്തിൽ ഏകദേശം 300 കോടി രൂപയുടെ തട്ടിപ്പാണ് അവിടെ നടന്നത്. നടത്തിപ്പുകാർ വ്യാജവായ്പ്പയെടുത്തും, തുക വകമാറ്റി ചിലവാക്കിയുമാണ് ബാങ്കിനെ തകർത്തത്. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. 11,000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് ഭരണസമിതി വെട്ടിച്ചത്.

തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ട് ഒരു വർഷം കഴിയുന്നു. പക്ഷേ ഇനിയും കുറ്റപത്രം നൽകാനായില്ല. കേസിലെ സങ്കീർണതകളാണ് കാരണം. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. കോടികൾ കവർന്ന ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും തട്ടിപ്പ് നടന്ന കാലത്തെ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തു എന്നതാണ് ഏക നടപടി. ഇതിൽ ഭൂരിഭാഗം പേരും ജാമ്യത്തിലിറങ്ങി. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരിൽ സസ്പെൻഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു.

42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകർക്ക് നൽകിയെന്ന് ബാങ്ക് അവകാശപ്പെടുമ്പോഴും ആർക്കാണ് നൽകിയതെന്ന് വെളിപ്പെടുത്തുന്നില്ല. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്കിൽ നിക്ഷേപം തിരികെ നൽകുന്നതിലും രാഷ്ട്രീയമുണ്ടെന്നാണ് ഇപ്പോഴത്തെ പ്രാധാന ആരോപണം. ബഹുഭൂരിപക്ഷവും പെൻഷൻ പണം നിക്ഷേപിച്ചവരാണ്. പലർക്കും ചികിത്സയ്ക്കുപോലും വഴിയില്ല. കൺസോർഷ്യമുൾപ്പടെയുള്ള സർക്കാർ വാഗ്ദാനങ്ങളിലായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷകളും ഇപ്പോൽ അസ്തമിക്കുകയാണ്.

നമ്മുടെ സഹകരണബാങ്കുകളിൽ യാതൊരു വ്യവസ്ഥയും ഇല്ല എന്നതാണ് ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത്. ആർക്കും എങ്ങനെ വേണമെങ്കിലും പണം തിരിമറി നടത്താം എന്നതാണ് യാഥാർഥ്യം. കേരളത്തിലെ 164 ബാങ്കുകൾ നിക്ഷേപങ്ങൾ മെച്യൂരിറ്റി എത്തിയിട്ടും തുക കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ തന്നെ നിയമസഭയിൽ പറഞ്ഞു. വ്യാജ രേഖകളുണ്ടാക്കിയും ആവശ്യമായ സെക്യുരിറ്റിയില്ലാതെയുമാണ് 2011 മുതൽ ബാങ്ക് അധികൃതർ അനധികൃത ലോണുകൾ നൽകിയിരുന്നത്.

ഇടതുഭരണസമിതിയിലെ അംഗങ്ങളും, അവരുടെ ബിനാമികളും ബന്ധുക്കളുമെല്ലാമായിരുന്നു വായ്പയായി പണം തട്ടിച്ചതിൽ പ്രധാനികൾ. തട്ടിപ്പ് നടത്തിയ പ്രതികൾക്ക് പെസോ ഇൻഫ്രാ സ്ട്രക്‌ചേഴ്‌സ്, സിസിഎം ട്രേഡേഴ്‌സ്, മൂന്നാർ ലക്‌സ്വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് തുടങ്ങിയ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ പ്രതികൾക്ക് പങ്കാളിത്തമുണ്ട് എന്ന വിവരവും പുറത്ത് വരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ 18 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി അഞ്ച് പേർ മാത്രമാണ് ജയിലിൽ കഴിയുന്നത്.

മുൻ സെക്രട്ടറി ടി ആർ സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ എം.കെ ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് സികെ ജിൽസ്, ഇടനിലക്കാരനും ബാങ്ക് അംഗവുമായ അരുൺ, കമ്മീഷൻ ഏജന്റ് എ കെ ബിജോയ്, ബാങ്കിന്റെ സൂപ്പർമാർക്കറ്റ് അക്കൗണ്ടന്റ് റജി അനിൽ എന്നിവരാണ് അറസ്റ്റിലായത്. നെല്ലായി സ്വദേശി സുജോയിയുടെ പരാതിയിൽ പറയുന്നത് സുജോയി ബാങ്കിൽ അംഗത്വം എടുക്കുന്നതിനായി നൽകിയ ഫോട്ടോയും തിരിച്ചറിയൽ രേഖയും ഉപയോഗിച്ച് കൃത്രിമ രേഖകൾ ഉണ്ടാക്കി മാനേജർ എംകെ ബിജുവും സംഘവും 25 ലക്ഷം രൂപ വായ്പയെടുത്തു എന്നതായിരുന്നു.

ബിജു കരീം, ജിൽസ്, ബിജോയ് എന്നിവരെ പ്രതികളാക്കി ഇതിൽ കേസെടുത്തിരുന്നു. 2016 മാർച്ചിൽ ഈ വായ്പ തിരിച്ചടച്ച് ഇതേ ഉദ്യോഗസ്ഥർ, അതേ ദിവസം തന്നെ 50 ലക്ഷം രൂപ ഇതേ രേഖകൾ ഉപയോഗിച്ച് വായ്പയെടുത്തു എന്നും സിജോയിയുടെ പരാതിയിൽ പറയുന്നു. ഇങ്ങനെ ഒരുപാട് പേർ. പലരും ബാങ്കിൽനിന്ന് നോട്ടീസ് വന്നപ്പോഴാണ് തങ്ങൾക്ക് ലോൺ ഉണ്ടെന്ന വിവരം പോലും അറിയുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയായ പണം കിട്ടാതെ ഫിലോമിന എന്ന എഴുപതുകാരി മരിച്ചതോടെ ബാങ്കിനെതിരെ പ്രതിഷേധം ഉയർന്നു.

ഫിലോമിനയുടെ മൃതദേഹവും കൊണ്ട് ബാങ്കിനുമുന്നിൽ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം നടത്തിയപ്പോൾ, അവരെ അപമാനിക്കുന്ന രീതിയിലാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചത്. ഇത് ഏതാനും വ്യക്തികൾ ചെയ്ത അഴിമതി മാത്രമാണെന്നും പാർട്ടിക്ക് ഒരു പങ്കുമില്ലെന്നുമാണ്, സിപിഎം പറയുന്നത്. പക്ഷേ ഇത് ശരിയല്ല. വലിയ ലോണുകൾ മൊത്തം കൊടുത്തത് പാർട്ടിയുടെ അനുമതിയോയൊണ്.

തട്ടിപ്പിൽ സിപിഎം മുൻ ഏരിയ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ. ചന്ദ്രന്റെയും എ.സി. മൊയ്തീൻ എംഎൽഎയുടെയും പങ്ക് അന്വേഷിക്കണമെന്ന് ഒന്നാം പ്രതി ടി.ആർ. സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ ആവശ്യപ്പെട്ടു. പരമ്പരാഗത സിപിഎം കുടുംബത്തിലെ അംഗമായ സുനിൽകുമാർ കരുവന്നൂർ ബാങ്ക് സെക്രട്ടറിയായിരുന്നു. പാർട്ടി അറിഞ്ഞാണ് എല്ലാം നടന്നതെന്നാണ് രാമകൃഷ്ണൻ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button