KeralaLatest NewsNews

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഓഗസ്റ്റ്‌ പകുതിയോടെ

 

എറണാകുളം: തദ്ദേശ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ഹരിത കേരള മിഷന്‍. ‘ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്മെന്റ് സിസ്റ്റം ആപ്പ്’ ഓഗസ്റ്റ്‌ പകുതിയോട് കൂടി ജില്ലയിൽ പ്രവർത്തനസജ്ജമാകും. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടികൾ ജില്ലയിൽ പുരോഗമിക്കുകയാണ്.

സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഹരിത മിത്രം ആപ്ലിക്കേഷന്‍ ആദ്യഘട്ടത്തില്‍ ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളിലും 9 നഗരസഭകളിലുമാണ് നടപ്പാക്കുന്നത്.

 

മാലിന്യസംസ്‌കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനവും അതാത് സമയങ്ങളില്‍ തന്നെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ് തലം വരെ മോണിറ്റര്‍ ചെയ്യുന്നതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവരുടെ സഹകരണത്തോടെയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ക്യു.ആർ കോഡ് വഴി വീടുകളും സ്ഥാപനങ്ങളും ഹരിത മിത്രം ആപ്പിന്റെ ഭാഗമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.

 

ഹരിത കര്‍മ്മ സേനയുടെ യൂസര്‍ഫീ ശേഖരണം, കലണ്ടര്‍ പ്രകാരമുള്ള പാഴ് വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും അറിയാന്‍ സാധിക്കും. ആപ്പ് വരുന്നതോടെ ഹരിത കർമ്മ സേനകൾക്ക് യൂസര്‍ഫീ നല്‍കാത്ത വീടുകളേയും സ്ഥാപനങ്ങളേയും എളുപ്പത്തില്‍ കണ്ടുപിടിക്കാനാകുകയും വാതില്‍പ്പടി ശേഖരണം കൃത്യമായി നടപ്പിലാക്കാനും സാധിക്കും. ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും ഫീസുകള്‍ അടയ്ക്കുന്നതിനുമുള്ള സംവിധാനവും ആപ്പിലൂടെ സാധ്യമാകും.

 

മലിനീകരണ പ്രശ്നങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. എം.സി.എഫ്/മിനി എം.സി.എഫ് തുടങ്ങിയവയുടെ ലൊക്കേഷന്‍ മാപ്പ്, മാലിന്യം നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ സഞ്ചാര ദിശ ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തി ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനതലം മുതല്‍ സംസ്ഥാനതലം വരെയുള്ള മാലിന്യ സംസ്‌കരണ വിവരങ്ങള്‍ തത്സമയം കാണാന്‍ കഴിയുന്ന ഡാഷ്ബോര്‍ഡും ഉള്‍പ്പടെയുള്ള സമഗ്രമായ ഒരു വെബ് പോര്‍ട്ടലും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി ഉണ്ടാകും.

shortlink

Post Your Comments


Back to top button