KeralaLatest News

പെരുമ്പാവൂർ ഭാഗത്ത് നിന്നും മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ : മൂവർക്കും വ്യാജ ആധാറടക്കം രേഖകൾ

പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്നുമാണ് ഒരാളെ പിടികൂടിയത്

പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടത്തിയ റെയ്ഡിൽ റൂറൽ ജില്ലയിൽ മൂന്ന് ബംഗ്ലാദേശികൾ കൂടി പിടിയിൽ. എടത്തലയിൽ നിന്ന് ബംഗ്ലാദേശ് കുഷ്ടിയ ജില്ലയിൽ ഖജിഹട്ട സ്വദേശികളായ മുഹമ്മദ് ലിട്ടൻ അലി (30), മുഹമ്മദ് ബപ്പിഷോ (28) എന്നിവരും പെരുമ്പാവൂരിൽ നിന്ന് മുഷ്ക്കുണ്ടി ഡോളാർ പട സ്വദേശി മുഹമ്മദ് അമീൻ ഉദ്ദീൻ (35) നെയുമാണ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഇതോടെ ഈ മാസം റൂറൽ ജില്ലയിൽ പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം അഞ്ചായി. മുഹമ്മദ് അമീൻ ഉദ്ദീൻ കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിലുണ്ട്. ലിട്ടൻ അലി ഇന്ത്യയിലെത്തിയിട്ട് രണ്ട് വർഷവും, ബപ്പി ഷോ എട്ട് മാസവും ആയി. ബംഗ്ലാദേശിൽ നിന്ന് അതിർത്തി വഴി നുഴഞ്ഞ് കയറിയാണ് ഇവർ പശ്ചിമ ബംഗാളിലെത്തിയത്. തുടർന്ന് ഏജൻ്റ് വഴി ആധാർ, പാൻകാർഡുകൾ സ്വന്തമാക്കി. അവിടെ നിന്ന് മുംബൈയിലേക്ക് തിരിച്ചു.

കുറച്ച് നാൾ അവിടെ തങ്ങിയ ശേഷം ബംഗലൂരുവിലെത്തി രേഖകൾ അപ്ഡേറ്റ് ചെയ്തു. തുടർന്നാണ് കേരളത്തിലേക്ക് വന്നത്. എടത്തലയിൽ നിന്ന് പിടികൂടിയ രണ്ടു പേർ കോളേജിന് സമീപമാണ് താമസിച്ചിരുന്നത്. പെരുമ്പാവുർ ബംഗാൾ കോളനിയിൽ നിന്നുമാണ് ഒരാളെ പിടികൂടിയത്. ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഇവരെ ശാസ്ത്രീയമായി ചോദ്യം ചെയ്തു.

തുടർന്നാണ് ഇവർ ബംഗ്ലാദേശികളാണെന്ന് സമ്മതിച്ചത്. പെരുമ്പാവൂരിൽ നിന്ന് ബംഗ്ലാദേശി യുവതിയായ തസ്ലീമാ ബീഗത്തെ പിടികൂടി നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ ബംഗ്ലാദേശികൾ അറസ്റ്റിലാകുന്നത്. ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർമാരായ പി.എം റാസിഖ് , റിൻസ് എം തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

shortlink

Post Your Comments


Back to top button