വയനാട്: വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി തയ്യാറാക്കുന്ന പദ്ധതികളുടെ നിര്‍വ്വഹണത്തിൽ വേഗത വേണമെന്ന് ജില്ലാ വികസനസമിതി ആവശ്യപ്പെട്ടു. ആദിവാസി വിഭാഗങ്ങളുടെ ഭവന പദ്ധതികള്‍ പലപ്പോഴും ആസൂത്രണ പിഴവ് കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തുന്ന പല പദ്ധതികളും ഇഴഞ്ഞ് നീങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. ഇവയുടെ നിര്‍വ്വഹണ പുരോഗതി സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് ആവശ്യമാണെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു.
ആദിവാസി മേഖലയിലെ ഭവന നിര്‍മ്മാണ പദ്ധതി തയ്യാറാക്കുമ്പോള്‍ വൈദ്യുതി, കുടിവെളളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ടി. സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. പണി പൂര്‍ത്തീകരിച്ച് ആറ് മാസം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ നിരവധി വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കാത്ത സാഹചര്യം ജില്ലയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജലജീവന്‍ മിഷന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലും ജില്ലയ്ക്ക് വേണ്ടത്ര വേഗം കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഒ.ആര്‍ കേളു എം.എല്‍.എ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഇതര ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയിലെ പദ്ധതികൾ വിവിധങ്ങളായ സാങ്കേതിക കാര്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന സാഹചര്യമാണുളളത്. പല തദ്ദേശ സ്ഥാപനങ്ങളിലും സ്ഥലം ലഭ്യമാക്കുന്ന കാര്യത്തില്‍ പോലും അലസമായ സമീപനമാണ് സെക്രട്ടറിമാരില്‍ നിന്നുണ്ടാകുന്നത്. ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ ജില്ലാ ആസൂത്രണ സമിതി ഇക്കാര്യത്തില്‍ ഇടപെടണമെന്നും എം.എല്‍.എ പറഞ്ഞു. വയനാട് പാക്കേജില്‍ 75 കോടി രൂപയുടെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ പ്ലാനിംഗ് ബോര്‍ഡിന് സമര്‍പ്പിച്ചതായി ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതികള്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു
Post Your Comments