യാത്രപോകുമ്പോഴുണ്ടാകുന്ന മനംപുരട്ടൽ പലരും നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. ഇതുമൂലം പലയാളുകളും ഇഷ്ടപ്പെട്ട യാത്ര തന്നെ ഒഴിവാക്കാറുണ്ട്. ചിലർ ഛർദ്ദിക്കാതിരിക്കാൻ മരുന്ന് കഴിച്ച് യാത്ര ചെയ്യും. അതുമല്ലെങ്കിൽ ഛർദ്ദിക്കാൻ ഒരു കവർ കയ്യിൽ കരുതും. യാത്രക്കിടയിൽ വില്ലനായെത്തുന്ന ഈ മനംപുരട്ടിലിനെ മോഷൻ സിക്ക്‌നെസ് എന്നാണ് വിളിക്കുക. ഇതൊഴിവാക്കാൻ ചില കുറുക്കുവഴികൾ ഇതാ..
നിങ്ങൾ ഡ്രൈവിംഗ് അറിയാവുന്ന ആളാണെങ്കിൽ കഴിവതും ഡ്രൈവ് ചെയ്യാൻ ശ്രമിക്കുക. ഇതിലൂടെ നമ്മുടെ ശ്രദ്ധ മാറുകയാണ് ചെയ്യുന്നത്. അതായത്, ശരീരത്തിനും മനസിനും തോന്നുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കാൻ സമയം കൊടുക്കാതിരുന്നാൽ തന്നെ മോഷൻ സിക്ക്‌നെസ് കുറയുന്നതാണ്. ഡ്രൈവ് ചെയ്യാൻ കഴിയില്ലെങ്കിൽ യാത്ര ചെയ്യുകയാണെന്ന് ചിന്തിക്കാതെ മറ്റെന്തെങ്കിലും കാര്യത്തിൽ ശ്രദ്ധചെലുത്താൻ ശ്രമിക്കുക. പാട്ട് കേൾക്കാം, മറ്റുള്ളവരോട് സംസാരിക്കാം.. ഇതെല്ലാം മോഷൻ സിക്ക്നെസിനെ അകറ്റി നിർത്തും.
മോഷൻ സിക്ക്‌നെസ് അനുഭവപ്പെടുന്നവർ ഇരിക്കുന്ന സീറ്റ് തിരഞ്ഞെടുക്കുന്നതിൽ അല്‍പ്പം ശ്രദ്ധചെലുത്തുന്നത് നല്ലതാണ്. ഓരോരുത്തർക്കും വ്യത്യസ്ത തരത്തിലാണ് മോഷൻ സിക്ക്‌നെസ് അനുഭവപ്പെടുക എന്നുള്ളതുകൊണ്ട് അവനവന് അനുയോജ്യവും സുഖവും തോന്നുന്ന തരത്തിലുള്ള സീറ്റുകൾ തിരഞ്ഞെടുക്കുക. ചാരിയിരിക്കാൻ കഴിയുന്ന, ഹെഡ്റെസ്റ്റ് കൊടുക്കാൻ സാധിക്കുന്ന, അധികം ഇളക്കം ലഭിക്കാത്ത സീറ്റുകൾ തിരഞ്ഞെടുക്കാം.
കാറിലും ബസിലും സഞ്ചരിക്കുമ്പോൾ കഴിവതും വിൻഡോ സീറ്റിൽ ഇരിക്കാൻ ശ്രമിക്കുക. നല്ല വായുസഞ്ചാരം ലഭിക്കുന്നത് മോഷൻ സിക്ക്നെസിനുള്ള സാധ്യത കുറയ്‌ക്കും. ഇടുങ്ങിയതും വായുസഞ്ചാരമില്ലാത്തതുമായ സ്ഥലത്ത് ഇരിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
യാത്ര ചെയ്യുന്നതിന് മുമ്പായി ആഹാരം കഴിക്കുന്നത് മോഷൻ സിക്ക്നെസ് കുറയ്‌ക്കാൻ സഹായിക്കും. ലഘുഭക്ഷണം കഴിച്ച് യാത്രയ്‌ക്ക് ഇറങ്ങുക, ആവശ്യത്തിന് വെള്ളവും കയ്യിൽ കരുതുക. ഭക്ഷണവും വെള്ളവും ആവശ്യത്തിന് കഴിച്ചാൽ ശരീരത്തിൽ ജലാംശം കുറയുന്നതും തലവേദനയുണ്ടാകുന്നതും തൽഫലമായി മനംപുരട്ടുന്നതും ഒഴിവാക്കാം.
Post Your Comments