തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിന് പിന്നാലെ കേരളത്തിലെ 164 സഹകരണ ബാങ്കുകൾ കൂടി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സഹകരണ മന്ത്രി വി.എൻ. വാസവന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി നേതാവും മുൻ മിസോറാം ഗവർണ്ണറുമായ കുമ്മനം രാജശേഖരൻ. പാവപ്പെട്ട ജനങ്ങളുടെ ആയുഷ്‌കാല സമ്പാദ്യം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് കേരളത്തിലെ ഇരുമുന്നണികളും ഭരണം നടത്തുന്ന സഹകരണ ബാങ്കുകളുടെ കാര്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ സുശക്ത അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
കുമ്മനത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കരുവന്നൂർ – മാവേലിക്കര തഴക്കര സഹകരണ ബാങ്കുകളിലെ വൻ സാമ്പത്തികത്തട്ടിപ്പുകൾക്കു പിന്നാലെ സംസ്ഥാനത്തെ 164 സഹകരണ ബാങ്കുകൾ കൂടി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സഹകരണ മന്ത്രി വി.എൻ. വാസവന്റെ വെളിപ്പെടുത്തൽ അത്യന്തം ആശങ്കാജനകമാണ്. സംസ്ഥാനത്തെ സാധാരണക്കാരായ പാവങ്ങളുടെ ആയുഷ്ക്കാല സമ്പാദ്യം , സർക്കാർതലത്തിൽ നിയന്ത്രണത്തിലുള്ള ഈ ധനകാര്യ സ്ഥാപനങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
നിക്ഷേപകരുടെ പണം അമാന്തമില്ലാതെ അവർക്ക് തിരികെ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടിയെടുക്കണം. സഹകരണ മേഖലയിലെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളുടെ സുതാര്യത ഉറപ്പു വരുത്താൻ സഹകരണ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാജിയുടെ ഇടപെടലും വേണ്ടതുണ്ട്.
കരുവന്നൂരിൽ സി.പി.എം ഉം മാവേലിക്കരയിൽ കോൺഗ്രസും ഭരിച്ച ബാങ്കുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ജീവനക്കാർക്കൊപ്പം പാർട്ടി പ്രതിനിധികളായ ഭരണസമിതി അംഗങ്ങളും തട്ടിപ്പ് കേസിൽ പ്രതികളാണ്.
സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ കണ്ടുപിടിക്കാൻ ബാധ്യസ്ഥരായ ഓഡിറ്റ് വിഭാഗം, ഇവിടെ മാറി മാറി ഭരിച്ച സി.പി.എം, കോൺഗ്രസ് സർക്കാരുകളുടെ നിയന്ത്രണത്തിലായിരുന്നു.
അവരുടെ ഒത്താശയില്ലാതെ ഇത്രയും ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട് നടത്തുക അസാധ്യമാണ്. സ്വാഭാവികമായും കാലാകാലങ്ങളിൽ ഭരിച്ച എൽ.ഡി.എഫ് – യു.ഡി.എഫ്. സർക്കാരുകൾക്ക് ഈ തട്ടിപ്പിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
നോട്ട് നിരോധന സമയത്ത് സഹകരണ ബാങ്കുകളിലെ ഇടപാടുകാരുടെ ഡിജി റ്റൽ തിരിച്ചറിയൽ രേഖ ഉറപ്പാക്കാൻ റിസർവ്വ് ബാങ്ക് ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന ഭരണാധികാരികൾ അതിനെ പ്രതിരോധിക്കുകയാണ് ചെയ്തത്. ഇത് അവരുടെ ധനകാര്യ ഇടപാടുകളിലെ ദുരൂഹതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കാലാകാലങ്ങളായി സി.പി.എമ്മും കോൺഗ്രസും അവരുടെ സാമ്പത്തിക ഇടപാടുകൾക്ക് മറയാക്കിയിരുന്ന സഹകരണ മേഖലയെ ശുദ്ധീകരിച്ചേ മതിയാകൂ. അത് ഇനി വൈകിക്കൂടാ.
Post Your Comments