Independence DayFreedom StruggleLatest NewsNews

‘ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടുപോകുക’: 1942 ൽ ഇന്ത്യയൊട്ടാകെ മുഴങ്ങി കേട്ട മുദ്രാവാക്യം – ഒടുവിൽ സ്വാതന്ത്ര്യപ്പുലരി!

1930 ലെ ദണ്ഡിയാത്രയ്ക്ക് പിന്നാലെ രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യക്കാരുടെ പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടിഷ് സർക്കാർ ബുദ്ധിപൂർവമായ ഒരു നീക്കം നടത്തി. അതായിരുന്നു ക്രിപ്സ് ദൗത്യം. ഇന്ത്യൻ ദേശീയ പ്രസ്‌ഥാനത്തെ പിന്തുണച്ചിരുന്ന, ബ്രിട്ടനിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന സർ സ്‌റ്റഫോഡ് ക്രിപ്‌സിനെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ വശത്താക്കാനായിരുന്നു പദ്ധതി. എന്നാൽ ഇതു പരാജയപ്പെട്ടു. ഇതോടെ, ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് ആത്മവിശ്വാസം വർദ്ധിച്ചു.

ഇന്ത്യയിലെ ഭരണഘടനാ പരിഷ്കാരങ്ങൾ ചർച്ച ചെയ്യാൻ ബ്രിട്ടീഷുകാർ ലണ്ടനിൽ ‘വട്ടമേശ സമ്മേളനങ്ങൾ’ വിളിച്ചുകൂട്ടി. 1930 നവംബറിലാണ് ആദ്യ യോഗം നടന്നത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ആയ ഗാന്ധി ഇല്ലാതെ നടന്ന ആ വട്ടമേശ സമ്മേളനം യാതൊരു വിധത്തിലുമുള്ള ഫലം കണ്ടില്ല. 1931 ജനുവരിയിൽ ഗാന്ധി ജയിൽ മോചിതനായി. അടുത്ത മാസം, വൈസ്രോയിയുമായി അദ്ദേഹം നിരവധി കൂടിക്കാഴ്ചകൾ നടത്തി.

അക്രമത്തിന് ശിക്ഷിക്കപ്പെടാത്ത എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടൻ മോചിപ്പിക്കുക, ഇതുവരെ പിരിച്ചെടുത്തിട്ടില്ലാത്ത എല്ലാ പിഴകളും ഇളവ് ചെയ്യുക, മൂന്നാം കക്ഷികൾക്ക് ഇതുവരെ വിറ്റിട്ടില്ലാത്ത ജപ്തി ചെയ്ത ഭൂമികൾ തിരിച്ച് നൽകുക എന്നിവയായിരുന്നു ഗാന്ധി മുന്നോട്ട് വെച്ചിരുന്നത്. കടൽത്തീരത്തുള്ള ഗ്രാമങ്ങൾക്ക് ഉപഭോഗത്തിന് ഉപ്പ് ഉണ്ടാക്കാനുള്ള അവകാശവും സർക്കാർ അനുവദിച്ചു. പോലീസിന്റെ അതിക്രമങ്ങളിൽ പൊതു അന്വേഷണം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം മാത്രം അംഗീകരിക്കപ്പെട്ടില്ല.

1931-ന്റെ അവസാനത്തിൽ ലണ്ടനിൽ ഒരു രണ്ടാം വട്ടമേശ സമ്മേളനം നടന്നു. ഈ സമ്മേളനത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചത് ഗാന്ധി ആയിരുന്നു. താഴ്ന്ന ജാതിയിലുള്ളവർക്ക് പ്രത്യേക ഇലക്‌ട്രേറ്റുകൾ വേണമെന്ന ആവശ്യത്തെ ഗാന്ധി എതിർത്തു. പക്ഷേ, അംബേദ്കർ അധഃസ്ഥിത വിഭാഗങ്ങൾക്ക് പ്രത്യേക ഇലക്‌ട്രേറ്റുകൾ വേണമെന്ന തീരുമാനത്തെ അനുകൂലിച്ചു. ഉയർന്ന ജാതിക്കാരുടെ സംഘടിത സ്വേച്ഛാധിപത്യത്തിനെതിരായ ജീവിത പോരാട്ടത്തിൽ ന്യൂനപക്ഷത്തിന് സമൂഹത്തിൽ സമത്വത്തോടെ ജീവിക്കാനുള്ള ഒരേയൊരു വഴിയാണിതെന്ന് അദ്ദേഹം വിശ്വസിച്ചു. ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ, ഇന്ത്യയിൽ ശക്തമായ സർക്കാർ വേണമെന്ന് വലതുപക്ഷ നേതാവായ വിൻസ്റ്റൺ ചർച്ചിൽ ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ അടിസ്ഥാന ആവശ്യം അംഗീകരിക്കാൻ ബ്രിട്ടീഷ് സർക്കാർ വിസമ്മതിച്ചതിനാൽ ഗാന്ധിയുമായുള്ള ചർച്ച പരാജയപ്പെട്ടു. തിരികെയെത്തി ഗാന്ധിജി നിയമലംഘനം പുനരാരംഭിച്ചു. സമരങ്ങൾ തുടർന്നു. ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ട് ദേശീയ പ്രസ്ഥാനത്തിനെതിരെ സർക്കാർ സമരം ആരംഭിച്ചു. 1934-ൽ നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാനുള്ള അനിവാര്യമായ തീരുമാനം ഗാന്ധിജിയെടുത്തു.

എന്നാൽ, പല രാഷ്ട്രീയ പ്രവർത്തകരും സമരം നിർത്തുന്നതിനോട് അനുകൂലമായിരുന്നില്ല. സിഡിഎം പിൻവലിച്ച സമയം ഗാന്ധിജിയുടെ തീരുമാനങ്ങളെ വിമർശിച്ച ജവഹർലാൽ നെഹ്‌റുവും അവരിൽ ഉൾപ്പെടുന്നു. പട്ടണത്തിലെയും നാട്ടിലെയും പാവപ്പെട്ടവരിൽ നിന്നും നിരക്ഷരരിൽ നിന്നും പ്രസ്ഥാനത്തിന് ലഭിച്ച പിന്തുണ വളരെ വലുത് തന്നെയായിരുന്നു. ഇന്ത്യൻ സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഈ പ്രസ്ഥാനം ഇന്നുവരെയുള്ള ഏറ്റവും വിമോചന അനുഭവമായിരുന്നു. പൊതു ഇടത്തിലേക്കുള്ള അവരുടെ പ്രവേശനം അടയാളപ്പെടുത്തിയെന്ന് യഥാർത്ഥത്തിൽ പറയാം.

ക്വിറ്റ് ഇന്ത്യ 1942

രണ്ടാം ലോകമഹായുദ്ധസമയത്ത് 1942 ഓഗസ്റ്റ് 8-ന് മഹാത്മാഗാന്ധി ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ബോംബെ സമ്മേളനത്തിൽ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു. ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടുപോകുക എന്ന മുദ്രാവാക്യം രാജ്യത്ത് ഉടനീളം മുഴങ്ങി. ഈ പോരാട്ടത്തിൽ രാജ്യത്തെ സാധാരണ ജനങ്ങൾ സമാനതകളില്ലാത്ത വീരത്വവും സമരവീര്യവും പ്രകടിപ്പിച്ചു.

എന്നിരുന്നാലും, അവർ നേരിട്ട അടിച്ചമർത്തൽ ഇതുവരെ അനുഭവിക്കേണ്ടി വന്നതിൽ വച്ച് ഏറ്റവും ക്രൂരമായിരുന്നു. ഓഗസ്റ്റ് മാസത്തിൽ ബോംബെയിലെ ഗോവാലിയ ടാങ്കിൽ നടന്ന ചരിത്രപ്രസിദ്ധമായ യോഗത്തിൽ, സമ്പൂർണ സ്വാതന്ത്ര്യത്തെക്കുറിച്ച് ഗാന്ധിജി ജനങ്ങളെ ബോധവാന്മാരാക്കി.

അദ്ദേഹം പ്രഖ്യാപിച്ചു: ‘പ്രവർത്തിക അല്ലെങ്കിൽ മരിക്കുക’ – അതായത് ഇന്ത്യയെ സ്വതന്ത്രമാക്കുക അല്ലെങ്കിൽ ആ ശ്രമത്തിൽ മരണമടയുക.

സർക്കാർ ഉദ്യോഗസ്ഥർ കോൺഗ്രസിനോടുള്ള കൂറ് പരസ്യമായി പ്രഖ്യാപിക്കണമെന്നും രാജിവെക്കരുതെന്നും ഗാന്ധി ആവശ്യപ്പെട്ടു. ഇതിനിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂഗർഭ ശൃംഖലകൾ ഏകീകരിക്കപ്പെട്ടു. അച്യുത് പട്‌വർധൻ, അരുണ ആസഫ് അലി, രാം മനോഹർ ലോഹ്യ, സുചേത കൃപലാനി എന്നിവരായിരുന്നു ഭൂഗർഭ പ്രവർത്തനങ്ങളിലെ പ്രമുഖർ. പാലങ്ങൾ പൊട്ടിച്ചും ടെലിഗ്രാഫ്, ടെലിഫോൺ വയറുകൾ മുറിച്ചും തീവണ്ടികൾ പാളം തെറ്റിച്ചും വാർത്താവിനിമയ തടസ്സം സൃഷ്ടിക്കുന്നതുമായിരുന്നു ഭൂഗർഭ പ്രസ്ഥാനത്തിന്റെ പ്രവർത്തനരീതി.

ഇന്ത്യൻ നാഷനൽ ആർമി 1942

റാഷ് ബിഹാരി ബോസിന്റെയും മോഹൻസിങ്ങിന്റെയും നേതൃത്വത്തിൽ 1942ൽ ഐഎൻഎ രൂപീകരിച്ചു. പിന്നീടു സുഭാഷ് ചന്ദ്രബോസ് നേതൃത്വത്തിൽ എത്തി. ജപ്പാന്റെ സഹായത്തോടെ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടാമെന്നായിരുന്നു പദ്ധതി. ഐഎൻഎ ഇന്ത്യയിൽ പ്രവേശിച്ചെങ്കിലും രണ്ടാംലോക യുദ്ധത്തിൽ ജർമനിക്കും ജപ്പാനുമേറ്റ പരാജയം തിരിച്ചടിയായി.

ഇന്ത്യാ വിഭജനം 1947

ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലീം ലീഗ്, സിഖ് സമുദായം എന്നിവയുടെ നിയമസഭാ പ്രതിനിധികൾ മൌണ്ട് ബാറ്റൺ പ്രഭുവുമായി ഒരു കരാറിലെത്തി. ഈ പദ്ധതി സ്വാതന്ത്ര്യത്തിനായുള്ള അവസാന പദ്ധതിയായിരുന്നു.

1947 ജൂൺ 3-ന് വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഖ്യാപിച്ച പദ്ധതിയിൽ പറയുന്ന കാര്യങ്ങൾ:

  • ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജന തത്വം ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചു.
  • പിൻഗാമികളായ സർക്കാരുകൾക്ക് ഡൊമിനിയൻ പദവി നൽകും.
  • ഇരു രാജ്യങ്ങൾക്കും സ്വയംഭരണവും പരമാധികാരവും.
  • പിൻഗാമികളായ സർക്കാരുകൾക്ക് സ്വന്തം ഭരണഘടന ഉണ്ടാക്കാം.
  • നാട്ടുരാജ്യങ്ങൾക്ക് പാകിസ്ഥാനിലോ ഇന്ത്യയിലോ ചേരാനുള്ള അവകാശം നൽകി.

മൗണ്ട് ബാറ്റൺ പദ്ധതി 1947-ലെ ഇന്ത്യ ഇൻഡിപെൻഡൻസ് ആക്ട് നടപ്പിലാക്കുന്നതിലേക്ക് നയിച്ചു.

സ്വതന്ത്ര പാക്കിസ്‌ഥാനു വേണ്ടിയുള്ള മുഹമ്മദലി ജിന്നയുടെ കടുംപിടിത്തമാണ് വിഭജനത്തിലേക്കു നയിച്ചത്. വിഭജനം വർഗീയ കലാപങ്ങൾക്കു വഴിവച്ചു. സ്വരുക്കൂട്ടിയതെല്ലാം ഇട്ടെറിഞ്ഞ് ജനങ്ങൾ അതിർത്തിക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കും പ്രവഹിച്ചു.

ഇന്ത്യൻ യൂണിയൻ

ഹൈദരാബാദ്, ജുനഗഡ്, കശ്‌മീർ, തിരുവിതാംകൂർ നാട്ടുരാജ്യങ്ങൾ ഇന്ത്യയിൽ ചേരാൻ വിസമ്മതിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ഇടപെടലിൽ ഹൈദരാബാദ് ഇന്ത്യയിൽ ചേർന്നു. പാക്കിസ്‌ഥാൻ സൈന്യം അക്രമിച്ചതോടെ, ജമ്മു കശ്മീർ രാജാവ് ഇന്ത്യയോടു ചേരുന്ന പ്രമാണത്തിൽ ഒപ്പുവച്ചു. ജനകീയ പ്രക്ഷോഭത്തെ തുടർന്നു ദിവാൻ സർ സി.പി.രാമസ്വാമി അയ്യർ നാടുവിട്ടതോടെ തിരുവിതാംകൂർ രാജാവ് ഇന്ത്യയിൽ ചേരാൻ സമ്മതം മൂളി.

സ്വാതന്ത്ര്യപ്പുലരി

ബ്രിട്ടിഷ് പാർലമെന്റ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്‌ട് 1947 ജൂലൈയിൽ പാസാക്കി. ഈ നിയമത്തിന് 1947 ജൂലൈ 18-ന് രാജകീയ സമ്മതം ലഭിച്ചു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയും പാകിസ്ഥാനും സ്വതന്ത്രമായി. ഇന്ത്യ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത് തുടരുന്നു. അതേസമയം, പാകിസ്ഥാൻ അവരുടെ മന്ത്രിസഭാ തീരുമാനങ്ങൾ അനുസരിച്ച് ഓഗസ്റ്റ് 14 അവരുടെ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ തീരുമാനിച്ചു.

1947 ഓഗസ്‌റ്റ് 14ന് ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയുടെ സമ്മേളനം ന്യൂഡൽഹിയിൽ ചേർന്നു. മൗണ്ട് ബാറ്റൺ പ്രഭു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലായി ചുമതലയേറ്റു. ജവാഹർലാൽ നെഹ്‌റു ആദ്യ പ്രധാനമന്ത്രി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button