കോഴിക്കോട്: കുട്ടികളെ കടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസിൽ അറസ്റ്റിലായവർ മുൻപും നിയമവിരുദ്ധമായി കുട്ടികളെ കൊണ്ടുവന്നിട്ടുണ്ടെന്ന സംശയത്തിലാണ് പോലീസ്. പ്രതികളെ കസ്റ്റഡിയിലെടുത്തത് വിശദമായി അന്വേഷണം നടത്തുമെന്ന് റെയിൽവേ പോലീസ് പറഞ്ഞു. അനധികൃതമായി പ്രവർത്തിക്കുന്ന കരുണാഭവന്‍റെ പ്രവർത്തനങ്ങളെല്ലാം നിഗൂഢമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തിയ 12 പെൺകുട്ടികളുടെ കൗൺസിലിംഗ് വെളളിമാട് കുന്നുളള ചൈൽഡ് വെൽഫെയർ കമ്മറ്റിയിൽ തുടരുകയാണ്. ചില കുട്ടികളുടെ രക്ഷിതാക്കൾ കേരളത്തിലെത്തിട്ടുണ്ട്. എന്നാൽ രാജസ്ഥാൻ ചൈൽഡ് വെൽഫെയർ കമ്മറ്റി അധികൃതരുടെ മേൽനോട്ടത്തിൽ മാത്രമെ കുട്ടികളെ തിരികെ അയക്കൂ. ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരം, ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ കർശന മാർഗ നിർദേശങ്ങൾ പാലിച്ചു മാത്രമെ പ്രായപൂർത്തിയാകാത്ത കുട്ടികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാവൂ.
എന്നാൽ ഓഖ എക്സ്പ്രസിൽ കുട്ടികളെ കടത്തിക്കൊണ്ടുവരാൻ മുൻകൈ എടുത്ത, പെരുമ്പാവൂരിലെ കരുണാഭവൻ നിയമങ്ങളെല്ലാം ലംഘിച്ചു. സർക്കാർ തലത്തിൽ സ്ഥാപനത്തിനെതിരെ, ശക്തമായ നിയമനടപടിക്ക് കൂടി ഒരുങ്ങുകയാണ് ചൈൽഡ് വെൽഫെയർ കമ്മറ്റി രാജസ്ഥാനിൽ നിന്ന് നിയമവിരുദ്ധമായി കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തിൽ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്.
പെരുമ്പാവൂർ പുല്ലുവഴിയിലെ കരുണാഭവന്‍റെ ഡയറക്ടർ, ജേക്കബ് വർഗീസ്, ഇടനിലക്കാരും രാജസ്ഥാൻ സ്വദേശികളുമായ ലോകേഷ് കുമാർ, ശ്യാംലാൽ എന്നിവരാണ് റിമാൻഡിലുള്ളത്. പ്രതികൾ നേരത്തെയും വിദ്യാഭ്യാസത്തിന് എന്ന പേരിൽ കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. കൂടുതൽ ഇടനിലക്കാർ ഉണ്ടാകാം. വിശദമായ അന്വേഷണത്തിന് പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.
Post Your Comments