രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അലയൊലികൾ കെട്ടടങ്ങും മുമ്പാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. അതിനാൽ തന്നെ, കൃത്യവും ശക്തവുമായ ഒരു വിദേശ നയം രൂപീകരിക്കേണ്ടത് ഭാരതത്തിന് അത്യന്താപേക്ഷിതമായിരുന്നു. ആഗോള സമാധാനത്തിനായി ഐക്യരാഷ്ട്ര സംഘടന രൂപീകരിക്കപ്പെട്ടിരുന്നെങ്കിലും, അത് അതിന്റെ ശൈശവ ദശയിലായിരുന്നതിനാൽ ഇന്ത്യക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമായിരുന്നില്ല.
അതിന് പുറമേ, 1950 കളിൽ തന്നെ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം ആരംഭിച്ചിരുന്നു. ഇരു രാജ്യങ്ങളും സൈനിക സംഘങ്ങൾ രൂപീകരിച്ച് തുടങ്ങിയിരുന്നു. ഏതെങ്കിലും ഒരു പക്ഷത്തു നിൽക്കാതെ, ഇരുപക്ഷത്തു നിന്നും തുല്യ ദൂരം പാലിക്കുന്ന നിലപാട് സ്വീകരിക്കാനായിരുന്നു നെഹ്റുവിന് താല്പര്യം. ഈ നിലപാട് പിൽക്കാലത്ത് ചേരിചേരാ നയം എന്നറിയപ്പെട്ടു.
ഈജിപ്ത്, യുഗോസ്ലാവിയ, ഇൻഡോനേഷ്യ, ഘാന മുതലായ നിരവധി രാജ്യങ്ങൾ ചേരിചേരാ പ്രസ്ഥാനത്തിൽ ആകൃഷ്ടരായി മുന്നോട്ടുവന്നു. പ്രധാനമായും രണ്ട് പ്രബല രാഷ്ട്രങ്ങളെ വെറുപ്പിക്കാനുള്ള മടി തന്നെയായിരുന്നു ഇതിനു കാരണം. എന്നാൽ, അന്യരുടെ യുദ്ധത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലായിരുന്നെങ്കിലും, ഒന്നല്ലെങ്കിൽ മറ്റൊരു കാരണം മൂലം ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെല്ലാം മറ്റേതെങ്കിലും യുദ്ധങ്ങളിൽ പങ്കാളികളായി. യുഎസിന്റെ അനിഷ്ടം സമ്പാദിച്ചെങ്കിലും ഇന്ത്യ-പാകിസ്ഥാൻ യുദ്ധം സംഭവിച്ചപ്പോഴെല്ലാം കരുത്തുറ്റ അയൽക്കാരനായി സോവിയറ്റ് യൂണിയൻ എന്നും ഇന്ത്യയുടെ കൂടെത്തന്നെ നിന്നുവെന്നത് ചേരിചേരാ നയത്തിന്റെ ബാക്കിപത്രം.
ഇന്ത്യൻ വിദേശകാര്യ നയത്തിന്റെ അടിത്തറ പാകിയിരിക്കുന്നത് തന്നെ ഈ നയത്തിലാണ്. അന്യരാഷ്ട്രങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിലൊന്നും ഇന്ത്യ തലയിടാൻ പോകാറില്ല. ഇരു രാഷ്ട്രങ്ങൾക്കിടയിൽ പ്രശ്നമുണ്ടായാലും, മധ്യസ്ഥനായി അത് തീർക്കാൻ നോക്കാനല്ലാതെ ഇന്ത്യ ഒരു രാജ്യത്തിന്റെയും പക്ഷം പിടിക്കാറില്ല. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഉക്രൈൻ- റഷ്യ യുദ്ധം അതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
Post Your Comments