
ശരീരം ഫിറ്റായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കയാളുകളും. എന്നാൽ, ഇതിനായി പ്രയത്‌നിക്കാൻ പലർക്കും മടിയാണ്. ജിമ്മിൽ പോയി മണിക്കൂറുകൾ അധ്വാനിക്കാൻ മടിയുള്ളവർക്കും സമയമില്ലാത്തവർക്കും ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കാൻ നാല് വഴികൾ ഇതാ…
നാം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ വഴി ഓൺലൈൻ ഫിറ്റ്‌നെസ് കോഴ്‌സുകളിൽ ചേരാവുന്നതാണ്. അതുമല്ലെങ്കിൽ പ്ലേസ്റ്റോറിൽ നിന്നും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇവയിലൂടെ വെർച്വൽ ക്ലാസുകൾ ഉൾപ്പെടെ ഭക്ഷണക്രമീകരണങ്ങൾ സംബന്ധിച്ചും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കലോറിയുടെ കണക്കുകളും എല്ലാം വിശദമായി ലഭ്യമാകുന്നു. ഇതുനോക്കി ആഹാര രീതികൾ നിയന്ത്രിക്കുകയും നിര്‍ദ്ദേശിക്കുന്ന വ്യായാമ മുറകൾ വീട്ടിൽ തന്നെ എളുപ്പത്തിൽ പരിശീലിക്കുകയും ചെയ്യാം.
ജിമ്മിൽ പോകുമ്പോഴും ഒരു പരിശീലകനെ സമീപിപ്പിക്കുമ്പോഴും നാം അതിന് ഫീസ് നൽകേണ്ടി വരും, എന്നാൽ, നാം സ്വയം വർക്കൗട്ട് ചെയ്യാൻ പഠിക്കുകയാണെങ്കിൽ ഇക്കാര്യത്തിനായി പണം ചിലവഴിക്കേണ്ടി വരില്ലെന്ന പ്രത്യേകതയുണ്ട്. യൂട്യൂബിൽ പരിശോധിച്ചു കഴിഞ്ഞാൽ ആധികാരികമായി വർക്കൗട്ട് പരിശീലിപ്പിക്കുന്ന വീഡിയോകൾ ലഭിക്കുന്നതാണ്. ഡോക്ടർമാർ, പ്രമുഖരായ ജിം പരിശീലകർ തുടങ്ങിയ ആളുകൾ വീഡിയോകൾ പങ്കുവെക്കുന്നതിനാൽ ഇവ പരിശോധിച്ച് നമുക്കും എളുപ്പത്തിൽ പഠിച്ചെടുക്കാവുന്നതാണ്. സൂംബ ഡാൻസ്, വ്യായാമ മുറകൾ, യോഗ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുകയും വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നവരെ കണ്ടെത്തി അത്തരമാളുകളുടെ നിർദ്ദേശപ്രകാരം വ്യായാമം പരിശീലിക്കാം. പുറത്തുപോയി മറ്റുള്ളവരുടെ മുമ്പിൽ വെച്ച് വ്യായാമവും സൂംബാ ഡാൻസുമൊക്കെ ചെയ്യാൻ മടിയുള്ളവർക്ക് യൂട്യൂബ് വീഡിയോകൾ ഉപകാരപ്രദമാണ്.
ദിവസവും നിശ്ചിതസമയം ഓടുമെന്ന് തീരുമാനിക്കുക, വ്യായാമത്തിനായി നിശ്ചിത മിനിറ്റ് മാറ്റി വെക്കുക, വ്യായാമവുമായി ബന്ധപ്പെട്ട് ചെയ്യുന്ന കാര്യങ്ങൾ പട്ടികപ്പെടുത്തി അവയോരോന്നും പൂർത്തീകരിച്ച് കഴിഞ്ഞാൽ ടിക് മാർക്ക് കൊടുക്കുക, ഒരാഴ്ച നീണ്ട പ്ലാൻ തയ്യാറാക്കുക, പ്ലാൻ പ്രകാരമുള്ള ദിവസങ്ങൾ പൂർത്തിയായാൽ അവ അവലോകനം ചെയ്യുക, മാറ്റങ്ങളും പോരായ്മകളും രേഖപ്പെടുത്തി അടുത്ത പ്ലാൻ തയ്യാറാക്കി പൂർത്തീകരിക്കാൻ ശ്രമിക്കുക. ഓരോ തവണ വിജയകരമായി പ്ലാൻ പൂർത്തിയാക്കുമ്പോഴും ഇഷ്ട വിനോദത്തിൽ ഏർപ്പെടുകയോ ഇഷ്ടഭക്ഷണം കഴിക്കുകയോ ചെയ്യുക.
ബാഡ്മിന്റൺ, ടെന്നീസ്, ഫുട്‌ബോൾ തുടങ്ങി ഏത് കായിക വിനോദമാണോ നിങ്ങൾക്കിഷ്ടം അതിനായി ദിവസവും ഒരു മണിക്കൂർ ചിലവഴിക്കുക. കൂടാതെ വീട്ടിലെ കോണിപ്പടികൾ ദിവസവും രണ്ടോ മൂന്നോ തവണ കയറിയിറങ്ങുക, ഓഫീസിൽ പോകുന്നവരാണെങ്കിൽ ലിഫ്റ്റ് ഒഴിവാക്കുക, സ്വന്തം റൂമിൽ തന്നെ പാട്ട് വെച്ച് ഇഷ്ടത്തിനനുസരിച്ച് നൃത്തം ചെയ്യുക, പുറത്തേക്ക് പോകുമ്പോൾ ചെറിയ ദൂരത്തേക്കാണെങ്കിൽ നടന്നുതന്നെ പോകാൻ ശ്രമിക്കുക. രാത്രി ഭക്ഷണം കഴിച്ചാൽ ഉടൻ തന്നെ കിടന്നുറങ്ങുന്ന ശീലം ഒഴിവാക്കി, അല്‍പ്പസമയം നടന്നതിന് ശേഷം ഉറങ്ങാൻ ശ്രമിക്കുക.
Post Your Comments