കോഴിക്കോട്: രാജസ്ഥാനിൽ നിന്ന് കുട്ടികളെ അനധികൃതമായി എത്തിച്ച പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി). സി.ഡബ്ല്യു.സി ചെയർമാൻ അബ്ദുൾ നാസർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളെ എന്തിന് എത്തിച്ചു എന്നതിൽ ദുരൂഹതയുണ്ട്. കുട്ടികളെ കൊണ്ട് വരുമ്പോൾ പാലിക്കേണ്ട ഒരു നിബന്ധനയും കരുണ ചാരിറ്റബിൾ ട്രസ്റ്റ് പാലിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും സി.ഡബ്ല്യു.സി ചെയർമാൻ പറഞ്ഞു. ട്രസ്റ്റിനെതിരെ അന്വേഷണം നടത്താൻ എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിര്‍ദ്ദേശം നൽകിയതായും അബ്ദുൾ നാസർ പറഞ്ഞു.
അതേസമയം, രാജസ്ഥാനിൽ നിന്ന് കുട്ടികളെ കൊണ്ടുവന്നത് ഹോസ്റ്റലിൽ താമസിപ്പിച്ച് പഠിപ്പിക്കാനാണെന്ന് ട്രസ്റ്റ് അംഗം ഷെൽബി പറഞ്ഞു. മുമ്പ് ഇവിടെ പഠിച്ച കുട്ടികളാണ് രാജസ്ഥാനിൽ നിന്ന് കൂടുതൽ കുട്ടികളെ എത്തിച്ചത്. 2017 വരെ ചിൽഡ്രൻസ് ഹോം നടത്താൻ അനുമതി ഉണ്ടായിരുന്നു.
വീണ്ടും അനുമതിക്കായി അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടുവെന്ന് ട്രസ്റ്റ് അംഗം ഷെൽബി വ്യക്തമാക്കി. ഹോസ്റ്റലിൽ കുട്ടികളെ താമസിപ്പിക്കുന്നതിന് എതിർപ്പ് ഇല്ലെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നുവെന്നും ഷെൽബി പറഞ്ഞു.
Post Your Comments