കൊല്‍ക്കത്ത: ഫ്ലാറ്റിനുള്ളില്‍ കോടിക്കണക്കിന് രൂപ പൂഴ്ത്തിവെച്ചിട്ടും നടി അര്‍പ്പിത മുഖര്‍ജി അപ്പാര്‍ട്ട്‌മെന്റിലെ മെയിന്റനന്‍സ് തുക അടച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. അഴിമതിക്കേസിൽ പിടിയിലായ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായിയാണ് അര്‍പ്പിത മുഖര്‍ജി. അഴിമതിക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.ഡി നടത്തിയ റെയ്ഡിനിടെയാണ് അപ്പാര്‍ട്ട്‌മെന്റിലെ മെയിന്റനന്‍സ് ഇനത്തില്‍ പതിനായിരത്തിലേറെ രൂപ അര്‍പ്പിത കുടിശ്ശിക വരുത്തിയിട്ടുള്ളതായി കണ്ടെത്തിയത്.
അപ്പാര്‍ട്ട്‌മെന്റിലെ മെയിന്റന്‍സ് തുക അടയ്ക്കുന്നതില്‍ കുടിശ്ശിക വരുത്തിയവരുടെ പേര് വിവരങ്ങൾ നോട്ടീസ് ബോര്‍ഡില്‍ പതിച്ചിരുന്നു. ഈ പട്ടികയിൽ അര്‍പ്പിതയുടെ പേരും ഉള്‍പ്പെട്ടിട്ടുള്ളതായി ഇ.ഡി വ്യക്തമാക്കി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മെയിന്റനന്‍സ് തുകയായി 11819 രൂപ അര്‍പ്പിത മുഖര്‍ജി അടയ്ക്കാനുള്ളതായാണ് റിപ്പോർട്ട്.
ബെല്‍ഘാരിയയിലെ ക്ലബ് ടൗണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ അര്‍പ്പിതയ്ക്ക് രണ്ട് ഫ്ലാറ്റുകളാണ് ഉള്ളത്. ഇവിടെ നിന്നാണ് കഴിഞ്ഞ ദിവസം ഇ.ഡി. ഉദ്യോഗസ്ഥര്‍ 28 കോടി രൂപയും ആറുകിലോ സ്വര്‍ണവും പിടിച്ചെടുത്തത്. നേരത്തെ അർപ്പിതയുടെ ഫ്ലാറ്റിൽ നിന്നും 21 കോടി രൂപയും, ഇരുപതോളം മൊബൈൽ ഫോണുകളും മറ്റ് രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു.
Post Your Comments