കൊല്ലം: കൊല്ലത്തെ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ കുഞ്ഞും മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ കഴിഞ്ഞ ദിവസം മരിച്ചതിന് പിന്നാലെയാണ് ബുധനാഴ്ച കുഞ്ഞും മരിച്ചത്. ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. ഹര്‍ഷയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നില്ലെന്നും സുഖപ്രസവമായിരിക്കുമെന്നാണ് ആശുപത്രിയില്‍ നിന്ന് പറഞ്ഞതെന്നും കുടുംബം ആരോപിച്ചു.
എന്നാല്‍ അടിയന്തരമായി സിസേറിയന്‍ നടത്തിയശേഷം രക്തം വാര്‍ന്നാണ് ഹര്‍ഷ മരിച്ചതെന്നും വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിനായി അരമണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വീട്ടുകാർ പരാതി നൽകിയിരിക്കുകയാണ്.
ശനിയാഴ്ചയാണ് ഹര്‍ഷയെ പ്രസവത്തിനായി കൊല്ലത്തെ അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെ ഹര്‍ഷയ്ക്ക് ഹൃദയാഘാതമുണ്ടായി എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ എന്‍എസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ ഹര്‍ഷ മരിക്കുകയായിരുന്നു.
എന്‍എസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം നാളെ ആവും സംസ്കാരം.
Post Your Comments