നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ബജാജ് ഫിനാൻസ്. ജൂൺ പാദത്തിലെ എക്കാലത്തെയും ഉയർന്ന അറ്റാദായമാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ പാദത്തിലെ അറ്റാദായം 2,596 കോടി രൂപയാണ്. മുൻ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 159 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1,002 കോടി രൂപയാണ് അറ്റാദായം.
അറ്റ പലിശ വരുമാനത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷത്തെ കാലയളവിനേക്കാൾ അറ്റ പലിശ വരുമാനം 48 ശതമാനം വർദ്ധിച്ച് 6,638 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 4,489 കോടിയായിരുന്നു. അതേസമയം, ഈ പാദത്തിലെ പുതിയ വായ്പകൾ 60 ശതമാനം ഉയർന്ന് 7.42 ദശലക്ഷമായി.
മൊത്ത നിഷ്ക്രിയ ആസ്തിയും അറ്റ നിഷ്ക്രിയ ആസ്തിയും കുറഞ്ഞിട്ടുണ്ട്. ഇത്തവണ മൊത്ത നിഷ്ക്രിയ ആസ്തി, അറ്റ നിഷ്ക്രിയ ആസ്തി എന്നിവ യഥാക്രമം 1.25 ശതമാനം, 0.51 ശതമാനം എന്നിങ്ങനെയാണ്.
Post Your Comments