തായ്‌വാൻ കീഴടക്കാനൊരുങ്ങുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പദ്ധതി നടക്കുമോ? ചൈനയുടെ ആക്രമണം മുന്നിൽ കണ്ടുകൊണ്ട് പ്രതിരോധ കോട്ട പണിയുകയാണ് തായ്‌വാൻ. ഉക്രൈനിലെ റഷ്യയുടെ അധിനിവേശം തായ്‌വാനിൽ സംഭവിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് കാരണമായി. ഉക്രൈന്റെ യുദ്ധഭൂമി തായ്‌വാനെ ചില പാഠങ്ങൾ പഠിപ്പിച്ചു എന്നത് നേരാണ്. എന്നാൽ, ഈ പാഠമുൾക്കൊള്ളുന്ന, ഇതിന്റെ പ്രത്യാഘാതം വിദൂരതയിൽ പോലും സംഭവിക്കരുത് എന്നാഗ്രഹിക്കുന്ന തായ്‌വാൻ ജനതയ്ക്ക് മറ്റൊന്ന് കൂടി അറിയാം – തങ്ങൾ ഉക്രൈൻ അല്ല എന്ന സത്യം.
ചൈന V/S റഷ്യ
റഷ്യയെ സമ്മർദ്ദത്തിലാക്കിയ ഉക്രൈൻ ഒരു അസാധാരണ/അതിശയോക്തമായ ഉദാഹരണമായി ചൈനയ്ക്ക് മുന്നിലുണ്ട്. റഷ്യൻ അധിനിവേശ സേനയുടെ തിരിച്ചടികൾ കണക്കിലെടുത്ത് തായ്‌വാനെതിരെ ഒരു പുനരേകീകരണ യുദ്ധം നടത്തുന്നതിന് മുമ്പ് ചൈന കൂടുതൽ ഗൗരവമായി ചിന്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
എന്നിരുന്നാലും, ചൈനയെ പ്രതിരോധിക്കാൻ തായ്‌വാന് കഴിയുമോ? റഷ്യ – ഉക്രൈൻ സംഭവം പോലെ ഒരു ക്രോസ്-സ്ട്രൈറ്റ് യുദ്ധം ആരംഭിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ചരിത്രം ആവർത്തിക്കാം. ചൈന V/S റഷ്യ, തായ്‌വാൻ V/S ഉക്രൈൻ എന്ന പാദത്തിൽ വേണം കാര്യങ്ങൾ ചർച്ച ചെയ്യാൻ. ചൈനയെയും റഷ്യയെയും താരതമ്യപ്പെടുത്തുമ്പോൾ, രണ്ട് രാജ്യങ്ങൾക്കും തന്ത്രപരമായ മുന്നൊരുക്കങ്ങൾ വളരെ വ്യത്യസ്തമാണ്. ഒന്നാമതായി, അവരുടെ സാമ്പത്തികവും സൈനികവുമായ കഴിവുകളിൽ വളരെ വലിയ വ്യത്യാസമാണുള്ളത്.
സൈനികമായി, ആണവ പോർമുനകളുടെ എണ്ണത്തിന്റെ കാര്യത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരം നിലനിർത്തുന്ന രാജ്യം റഷ്യ ആണ്. കരസേനയുടെ കാര്യത്തിൽ ശക്തമായ പാരമ്പര്യമാണ് റഷ്യയ്ക്ക് ഉള്ളത്. താരതമ്യപ്പെടുത്തുമ്പോൾ, ചൈനയുടെ സൈന്യം അതിവേഗം ആധുനികവൽക്കരണം നടത്തുന്നുണ്ടെങ്കിലും, അമേരിക്കയേക്കാൾ പതിറ്റാണ്ടുകൾ പിന്നിലാണ് എന്ന് വേണം പറയാൻ. 1996 ലെ തായ്‌വാൻ കടലിടുക്ക് പ്രതിസന്ധിക്ക് ശേഷം 1990 കളുടെ അവസാനത്തിൽ മാത്രമാണ് ചൈന അതിന്റെ നാവിക, വ്യോമ സേനയെ നവീകരിക്കാൻ തുടങ്ങിയത്. റഷ്യയെപ്പോലെ ചൈനയുടെയും കരസേന പരമ്പരാഗതമായി നാവിക, വ്യോമ സേനകളേക്കാൾ ശക്തമായിരുന്നു.
തായ്‌വാൻ കടലിടുക്ക് ഇടുങ്ങിയതാണ്. അതിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് 100 മൈലിൽ താഴെ വീതിയുണ്ട്. ചൈന അതിന്റെ തീരത്ത് തായ്‌വാനിലേക്ക് വിരൽ ചൂണ്ടി ധാരാളം മിസൈലുകൾ വിന്യസിച്ചിട്ടുണ്ട്. എന്നാൽ യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിപുലമായ ആയുധ സംവിധാനങ്ങൾ ളുമായിട്ടാണ് തായ്‌വാൻ തങ്ങളുടെ പ്രതിരോധ ശക്തി കാണിക്കാൻ തയ്യാറെടുക്കുന്നത്. തായ്‌വാൻ ഏറ്റെടുക്കുക എന്നത് ചൈനയ്ക്ക് എളുപ്പമായിരിക്കില്ല. അമേരിക്കയുടെ നേരിട്ടുള്ള സൈനിക ഇടപെടൽ ഇല്ലെങ്കിലും, യു.എസ് ആയുധങ്ങളുടെ ധൈര്യത്തിലാണ് തായ്‌വാൻ പ്രതിരോധ കോട്ട പണിതിരിക്കുന്നത്.
തായ്‌വാൻ – ചൈന കടലിടുക്ക് യുദ്ധത്തിന് സാധ്യതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ലോക സമ്പദ്‌വ്യവസ്ഥയുമായുള്ള ബന്ധം ചൈനയ്ക്ക് ഇരുതല മൂർച്ചയുള്ള വാളാണ്. ഇറക്കുമതിയും കയറ്റുമതിയും കൂടിച്ചേർന്ന് ചൈന ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ വ്യാപാര രാജ്യമാണ്. ചൈന യു.എസുമായും അതിന്റെ പ്രധാന സഖ്യകക്ഷികളുമായും വ്യാപാരം നടത്തുന്നതാണ് ഇതിന് പ്രധാന കാരണം. ചൈനയുടെ ഏറ്റവും മികച്ച പത്ത് വ്യാപാര പങ്കാളികളിൽ എട്ടെണ്ണം യു.എസും സഖ്യകക്ഷികളുമാണ്. തായ്‌വാനുമായുള്ള പുനരേകീകരണം കൈവരിക്കാൻ ചൈന ബലപ്രയോഗം നടത്തുന്ന ഒരു സാഹചര്യത്തിൽ, യു.എസും അമേരിക്കൻ സഖ്യകക്ഷികളും ചൈനയ്‌ക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തും. അങ്ങനെ സംഭവിച്ചാൽ ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് അത് കനത്ത ആഘാതം സൃഷ്ടിക്കും. ചൈന ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിന് വിധേയമാകും. അത് സാമൂഹികവും രാഷ്ട്രീയവുമായ ആഭ്യന്തര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഇക്കാര്യത്തിൽ, യു.എസും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധത്തിലെ മാന്ദ്യത്തെക്കുറിച്ച് റഷ്യക്ക് സാമ്പത്തികമായി ഭയപ്പെടേണ്ടതായി വന്നിരുന്നില്ല. റഷ്യയ്‌ക്കെതിരായ സമീപകാല യൂറോപ്യൻ ഉപരോധം ആ ആശ്രിതത്വത്തെ കുത്തനെ കുറച്ചിരുന്നെങ്കിലും റഷ്യ ഒറ്റപ്പെട്ടിരുന്നില്ല. റഷ്യൻ പ്രകൃതി വാതക വിതരണത്തെ ആശ്രയിച്ചിരുന്ന അനേകം രാജ്യങ്ങളുണ്ടായിരുന്നു. അത് റഷ്യയ്ക്ക് പിടിവള്ളിയായി. അതുകൊണ്ട് തന്നെ, റഷ്യയെയും ചൈനയെയും ഒരേനൂലിൽ കെട്ടാൻ കഴിയില്ല.
റഷ്യ മുൻഗണന നൽകിയത് ഉക്രൈനെ കീഴടക്കുക എന്നതിന് തന്നെയായിരുന്നു. കാത്തിരിക്കാൻ റഷ്യ തയ്യാറായിരുന്നില്ല. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ശ്രമമാണ് ഉക്രൈനിലെ റഷ്യയുടെ അധിനിവേശം. നേരെമറിച്ച്, ചൈനയുടെ തന്ത്രപ്രധാനമായ മുൻഗണന ഇപ്പോഴും ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്ക് അനുകൂലമായ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുക എന്നത് തന്നെയാണ്. അടിസ്ഥാനപരമായി ചൈനീസ് രാഷ്ട്രത്തിന്റെ പുനരുജ്ജീവനമാണ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ‘ചൈനയുടെ സ്വപ്നം’. അതിനർത്ഥം ചൈനയെ വീണ്ടും കിഴക്കൻ ഏഷ്യയുടെ കേന്ദ്രമാക്കുക എന്നതാണ്. ചൈനയുടെ ഉയർച്ച പ്രദേശിക വിപുലീകരണത്തെ അടിസ്ഥാനമാക്കിയല്ല. അതിനാൽ, എടുത്ത് പിടിച്ച് ഒരു നീക്കം ചൈന നടത്തുമോ എന്ന കാര്യത്തിൽ യുദ്ധ നിരീക്ഷകർക്ക് വ്യക്തതയില്ല.
തായ്‌വാൻ V/S ഉക്രൈൻ
തായ്‌വാനും ഉക്രൈനും തമ്മിൽ ഇതുപോലെ വ്യത്യാസങ്ങളുണ്ട്. ജനസംഖ്യാപരമായി നോക്കുകയാണെങ്കിൽ ഉക്രൈനിൽ 48 ദശലക്ഷം ആളുകളുണ്ട്. തായ്‌വാനിലെ ജനസംഖ്യ അതിന്റെ പകുതിയോളം വരും (ഏതാണ്ട് 24 ദശലക്ഷം). ഉക്രൈനിലെ ജനസംഖ്യയിലെ 77 ശതമാനം ആൾക്കാർ ഉക്രേനിയക്കാരും ബാക്കി 20 ശതമാനം ആളുകൾ റഷ്യക്കാരുമാണ്. തായ്‌വാനിൽ, ജനസംഖ്യയുടെ 90 ശതമാനത്തിലധികം ആളുകൾ ഹാൻ ചൈനക്കാരും 10 ശതമാനത്തിൽ താഴെ സ്വദേശികളുമാണ് ഉള്ളത്. വംശീയ ഘടനയെ മാത്രം അടിസ്ഥാനമാക്കിയാണെങ്കിൽ, തായ്‌വാനുമായി ഏകീകരിക്കുന്നതിൽ ചൈനയ്ക്ക് എളുപ്പമാണെന്ന് തോന്നിയേക്കാം. എന്നാൽ, അതത്രെ എളുപ്പമല്ല.
1980-കളുടെ അവസാനം മുതൽ, ചൈനീസ് സർക്കാർ തായ്‌വാൻ ജനതയുമായി സാംസ്‌കാരികവും സാമൂഹികവുമായ ബന്ധങ്ങൾ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൂടുതൽ സാംസ്കാരികവും സാമൂഹികവുമായ ആശയവിനിമയത്തിലൂടെ തായ്‌വാനീസ് ആളുകൾ ചൈനയിലെ ആളുകളെപ്പോലെ വളരുമെന്നും അവർക്ക് ‘മാതൃരാജ്യ’ത്തോട് കൂടുതൽ സ്നേഹം ഉണ്ടാകുമെന്നുമായിരുന്നു ചൈന കരുതിയത്. പതുക്കെ ആളുകൾ മാതൃരാജ്യത്തിൽ ലയിക്കുമെന്ന തെറ്റിദ്ധാരണ ആയിരുന്നു ഈ നീക്കത്തിന് പിന്നിൽ. എന്നിരുന്നാലും സ്വത്വ രാഷ്ട്രീയം വിപരീത ഫലമാണ് വരുത്തിയത്. കൂടുതൽ ആശയവിനിമയങ്ങളും സമ്പർക്കങ്ങളും ഉണ്ടായത് വഴി, തായ്‌വാനീസ് ആളുകൾ ചൈനയും തായ്‌വാനും തമ്മിലുള്ള ഭൂപ്രദേശ വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞു.
1990-കളുടെ അവസാനം മുതൽ, തായ്‌വാൻ ഗവൺമെന്റ് തായ്‌വാൻ ഐഡന്റിറ്റി ബോധപൂർവം പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. തായ്‌വാനീസ് ആളുകൾ തങ്ങളെ തായ്‌വാനീസ് എന്ന് മാത്രം അഭിസംബോധന ചെയ്യുക എന്ന ആവശ്യം ഉന്നയിച്ച് തുടങ്ങി. തായ്‌വാനീസ് മാത്രമല്ല അവർ ചൈനക്കാരും കൂടിയായതിനാൽ, തായ്‌വാനിൽ ചൈനീസ് ഐഡന്റിറ്റി പ്രോത്സാഹിപ്പിക്കാനുള്ള ചൈനീസ് ശ്രമങ്ങൾ പരാജയപ്പെട്ടു. പുനരേകീകരണത്തിന് വേണ്ടി പദ്ധതിയിട്ട, ചൈനയുടെ ഏറ്റവും വലിയ തലവേദനകളിൽ ഒന്നായി ഈ ‘ഐഡന്റിറ്റി അവകാശം’ മാറി.
സാമ്പത്തികമായി, തായ്‌വാനിന്റെ ജി.ഡി.പി ഉക്രൈനേക്കാൾ മൂന്നിരട്ടിയിലധികമാണ്. കൂടാതെ തായ്‌വാൻ സാങ്കേതികമായി ഐടി മേഖലയിൽ ഒരു പ്രധാന ചിപ്പ് നിർമ്മാതാവെന്ന നിലയിൽ ഉക്രൈനേക്കാൾ വളരെ മുന്നിലാണ്. വാസ്തവത്തിൽ, അർദ്ധചാലകങ്ങളുടെ ആഗോള ദൗർലഭ്യം പരിഹരിക്കുന്നതിന് കൂടുതൽ സംഭാവന നൽകാൻ തായ്‌വാനോട് യു.എസ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. തായ്‌വാന്റെ സംഭാവനകൾ അത്രത്തോളം പ്രാധാന്യം അർഹിക്കുന്നതാണ്. സാമ്പത്തികമായും തന്ത്രപരമായും അമേരിക്കയെ സംബന്ധിച്ചിടത്തോളം ഉക്രൈനേക്കാൾ പ്രധാനി തായ്‌വാനാണ്.
ഉക്രൈൻ – റഷ്യ യുദ്ധത്തിനും തായ്‌വാൻ – ചൈന യുദ്ധത്തിനും ഏറ്റവും നിർണായകമായ ഘടകങ്ങളിലൊന്ന് യു.എസിന്റെ നേരിട്ടുള്ള സൈനിക ഇടപെടലിന്റെ സാധ്യതയാണ്. ഉക്രൈന്റെ കാര്യത്തിൽ ആണെങ്കിൽ, യുദ്ധത്തിൽ നേരിട്ട് ചേരില്ലെന്ന് യു.എസ് സർക്കാർ വ്യക്തമാക്കിയിരുന്നു. തായ്‌വാൻ വിഷയത്തിൽ വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് തെളിഞ്ഞുവരുന്നത്. യു.എസ് നേരിട്ടുള്ള ഇടപെടൽ നടത്തിയില്ലെങ്കിലും തായ്‌വാൻ അധിനിവേശത്തിൽ നിന്നും ചൈനയെ പിന്തിരിപ്പിക്കാനുള്ള സാധ്യതകൾ കാണുന്നുണ്ട്.
ചുരുക്കി പറഞ്ഞാൽ, ഉക്രൈനെക്കാൾ യു.എസിന് താൽപ്പര്യം തായ്‌വനോടാണ്. അതിനാൽ തന്നെ നേരിട്ടുള്ള സൈനിക പ്രതികരണത്തിന് കൂടുതൽ സാധ്യതയുമുണ്ട്. തായ്‌വാൻ കടലിടുക്ക് യുദ്ധമുണ്ടായാൽ സാമ്പത്തിക ഉപരോധം ശക്തമായ ഒരു സാധ്യതയായിരിക്കും. അതേസമയം, യു.എസിനെയും സഖ്യകക്ഷികളെയും അകറ്റിയാൽ റഷ്യ നേരിട്ടതിനേക്കാൾ കൂടുതൽ സാമ്പത്തിക നഷ്ടം ചൈനയ്ക്കാണുണ്ടാകുക.
ഈ സാഹചര്യത്തിൽ, തായ്‌വാനെ ‘മാതൃരാജ്യത്തിലേക്ക്’ തിരികെ കൊണ്ടുവരാൻ ബലപ്രയോഗം നടത്തുന്നത് ചൈനയ്ക്ക് ഗുണകരമാകില്ല. അങ്ങനയൊരു ഓപ്‌ഷൻ ചൈന ഇപ്പോൾ ചിന്തിക്കുക കൂടി വേണ്ട. ചൈന സാമ്പത്തികമായും സൈനികമായും കൂടുതൽ ശക്തമായി വളരുമ്പോൾ ചിന്തിക്കാമെന്നാണ് നിരീക്ഷകർ പറയുന്നത്. ഉക്രൈൻ യുദ്ധത്തിൽ നിന്ന് ചൈന പാഠം പഠിച്ചോ എന്ന് വരും ദിവസങ്ങളിലെ ഔദ്യോഗിക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകും.
Post Your Comments