കടുത്തുരുത്തി: ബസിൽ കയറാനെത്തിയ വിദ്യാർത്ഥിനിയുടെ കാൽപാദത്തിലൂടെ സ്വകാര്യ ബസിന്റെ പിൻചക്രം കയറിയിറങ്ങി ഗുരുതര പരിക്ക്. കോതനല്ലൂർ ഇമ്മാനുവൽസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിനി ഇരവിമംഗലം പുല്ലുകാലായിൽ ബിസ്റ്റി ബിജു (17) വിനാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ഒമ്പതോടെ കുറുപ്പന്തറ റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം. റെയിൽവേ ഗേറ്റ് അടച്ചതോടെ ഇടവഴിയിലൂടെ പോകാനുള്ള ബസിന്റെ പരക്കം പാച്ചിലിനിടെയാണ് അപകടം നടന്നത്. കാൽപാദം ഒടിഞ്ഞു നുറുങ്ങിയ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
പെണ്‍കുട്ടിയുടെ പിതാവിന്റെ കണ്മുന്നിലാണ് ഈ ദാരുണ സംഭവം. കോട്ടയം – ആയാംകുടി റൂട്ടിൽ സർവീസ് നടത്തുന്ന ടിഎം ട്രാവൽസ് ബസാണ് അപകടമുണ്ടാക്കിയത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ അതിരമ്പുഴ ചലമ്പറക്കുന്നേൽ അഭിജിത്ത് മുരളി (28)യെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments