‘ഞാൻ സ്വപ്നത്തിൽ എപ്പോഴും ഒരു ശവക്കുഴി കാണുമായിരുന്നു’: ഹിജാബ് ധരിക്കാൻ തീരുമാനിച്ചതിനെ കുറിച്ച് സന ഖാൻ

ഗ്ലാമറസായ ബോളിവുഡ് ലോകം ഉപേക്ഷിക്കുന്നുവെന്ന നടി സന ഖാന്റെ പ്രഖ്യാപനം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും ആത്മീയ ജീവിതത്തിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ് സന ഇപ്പോൾ. എന്തുകൊണ്ടാണ് ആത്മീയ ശൈലി പിന്തുടരാൻ തീരുമാനിച്ചതെന്ന് സിനിമയിലെ അഭിനയവും ഗ്ലാമറസായ ജീവിതശൈലിയും ഉപേക്ഷിച്ച സന ഖാൻ വെളിപ്പെടുത്തുന്നു. താൻ അനുഭവിച്ച വിഷാദരോഗത്തെ കുറിച്ചും, ഹിജാബ് ധരിക്കാനുണ്ടായ കാരണത്തെ കുറിച്ചും സന ഖാൻ തുറന്നു പറയുന്നു. തന്റെ മുൻകാല ജീവിതത്തിൽ പണവും പേരും പ്രശസ്തിയും ഉണ്ടായിരുന്നെങ്കിലും, ഇല്ലാതിരുന്നത് സമാധാനം ആയിരുന്നുവെന്ന് നടി പറയുന്നു. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

മതപരമായ കാരണങ്ങളാലാണ് നടി സിനിമാ ജീവിതം അവസാനിപ്പിച്ചത്. പണവും പ്രശസ്തിയും ഉണ്ടായിട്ടും, സന്തുഷ്ടയായിരുന്നില്ല എന്നാണ് നടി പറയുന്നത്. വിഷാദരോഗത്തിന് അടിമയായ ദിവസങ്ങളുണ്ടായിരുന്നു. 2019 ലെ റംസാന്‍ കാലത്ത് സന കണ്ട സ്വപ്നത്തില്‍ സ്ഥിരമായി ശവക്കുഴി പ്രത്യക്ഷപ്പെട്ടു. കത്തിജ്ജ്വലിക്കുന്ന ശവക്കുഴിയിൽ എരിഞ്ഞടങ്ങുന്ന തന്നെ തന്നെയായിരുന്നു സന കണ്ടത്. തുടർന്നുകൊണ്ടിരിക്കുന്ന ജീവിതത്തിലും ജീവിതരീതിയിലും മാറ്റമുണ്ടായില്ലെങ്കിൽ, തന്റെ അവസാനം ഇങ്ങനെ ആയിരിക്കുമെന്ന് ദൈവം മുന്നറിയിപ്പ് നൽകിയത് പോലെ സനയ്ക്ക് തോന്നി.

‘പതിയെ ഇസ്ളാമിക വാക്യങ്ങൾ കേട്ട് തുടങ്ങി. ആത്മീയതയിലേക്കുള്ള യാത്രയുടെ തുടക്കത്തിൽ ഒരു പ്രഭാഷണത്തിൽ ചില വാക്യങ്ങൾ മനസ്സിൽ പതിച്ചു. നിങ്ങളുടെ അവസാന ദിവസം ഹിജാബ് ധരിക്കുന്ന ആദ്യ ദിവസമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ആ വാക്യങ്ങൾ. അത് മനസിനെ സ്വാധീനിച്ചു. ഇനിയുള്ള ജീവിതത്തിൽ ഹിജാബ് ഉപേക്ഷിക്കില്ലെന്ന് തീരുമാനിച്ചത് അങ്ങനെയാണ്. അന്ന് മുതലാണ് ഹിജാബ് ധരിച്ചു തുടങ്ങിയത്’, സന ഖാൻ പറയുന്നു.

Share
Leave a Comment