തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പിനെ ഇഡി ചോദ്യം ചെയ്തു. ബിഷപ്പ് ഹൗസിലും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറുടെ വീട്ടിലും രാവിലെ തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു.
Read Also: ലക്ഷ്യം ഓഹരി വിപണി, വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ തിരികെയെത്തുന്നു
കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നും അടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്. പുലര്‍ച്ചയോടെ നാല് സ്ഥലങ്ങളില്‍ ഇഡി സംഘമെത്തി. ബിഷപ്പിന്റെ ആസ്ഥാനമായ പാളയത്തെ എല്‍എംഎസിലും (LMS), കാരക്കോണം മെഡിക്കല്‍ കോളേജിലും കോളജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലുമാണ് ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്.
സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കിടെയായിരുന്നു പരിശോധന. എന്നാല്‍ സഭാ സെക്രട്ടറി പ്രവീണും കുടുംബവും ഞായറാഴ്ച രാത്രി തന്നെ തിരുവനന്തപുരം വിട്ടെന്നാണ് വിവരം. ഇയാള്‍ ചെന്നൈയിലേക്കോ, വിദേശത്തേക്കോ കടന്നിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്.
സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിഷപ്പ് യുകെയിലേക്ക് പോകാനായിരിക്കെയാണ് ഇഡിയുടെ അപ്രതീക്ഷിത നീക്കം. കേസില്‍ ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവര്‍ ഹാജരായിരുന്നില്ല. വ്യാജ വൗച്ചറിലൂടെ സഭാ സ്ഥാപനങ്ങളില്‍ ബിഷപ്പും കൂട്ടരും പണം തിരിമറി നടത്തിയെന്നും ആരോപണമുണ്ട്.
Post Your Comments