![](/wp-content/uploads/2022/07/dr-215.jpg)
ലണ്ടന്‍: ചൈനക്കെതിരായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രസ്താവനയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി റിഷി സുനക്. പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ആദ്യ ദിനത്തിലാണ് ചൈനയ്‌ക്കെതിരെ റിഷി സുനക് രംഗത്തെത്തിയത്. ദേശീയ അന്തര്‍ദേശീയ സുരക്ഷയുടെ പ്രഥമ ശത്രുവാണ് ചൈനയെന്നും റിഷി സുനക് ആരോപിച്ചു.
ബ്രിട്ടനിലെ 30 കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും അടച്ച് പൂട്ടുമെന്നാണ് റിഷി സുനക് പറഞ്ഞത്. റഷ്യ, ചൈന വിഷയങ്ങളിലെ റിഷി സുനകിന്റെ സമീപനം ദുര്‍ബലമായിരുന്നു എന്ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിലെ എതിര്‍ സ്ഥാനാര്‍ത്ഥിയായ വിദേശകാര്യ സെക്രട്ടറി ലിസ്സ് ട്രോസ്സ് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനക്കെതിരായ പ്രസ്താവനകളുമായി റിഷി സുനക് രംഗത്തെത്തുന്നത്.
Read Also: ദ്രൗപതി മുര്‍മുവിന് അന്താരാഷ്ട്ര തലത്തിലും അഭിനന്ദന പ്രവാഹം: ആശംസകള്‍ നേര്‍ന്ന് വ്ലാദിമിർ പുടിൻ
‘ഭാഷാ പഠനത്തിലൂടെയും സംസ്‌കാരത്തിലൂടെയുമുള്ള ചൈനീസ് സ്വാധീനത്തെ തടയും. 50,000 പൗണ്ടിലധികം വരുന്ന വിദേശ ധനസഹായം വെളിപ്പെടുത്താന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിര്‍ബന്ധിക്കുന്നതാണ്. ഇതിന്റെയും, ഗവേഷണ പങ്കാളിത്തം അവലോകനം ചെയ്യുന്നതിന്റെയും അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് സര്‍വ്വകലാശാലകളില്‍ നിന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കും. ചൈനീസ് ചാരവൃത്തി നേരിടാന്‍ ബ്രിട്ടീഷ് ചാര സംഘടനയായ M15 ഉപയോഗപ്പെടുത്തും. സൈബര്‍ ലോകത്തെ ചൈനയുടെ ഭീഷണികളെ നേരിടാന്‍ നാറ്റോയ്ക്ക് സമാനമായ അന്താഷ്ട്ര സഹകരണം രൂപീകരിക്കും. തന്ത്ര പ്രധാനമായ സാങ്കേതിക സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ ചൈനയുടെ കൈവശമാകുന്നത് നിരോധിക്കുന്നത് സംബന്ധിച്ച പഠനങ്ങള്‍ നടത്തുമെന്നും’- റിഷി സുനക് വാഗ്ദാനം ചെയ്തു.
‘ചൈന നമ്മുടെ സാങ്കേതിക വിദ്യ തട്ടിയെടുക്കുകയാണ്. സര്‍വ്വകലാശാലകളില്‍ നുഴഞ്ഞ് കയറുകയാണ്, റഷ്യന്‍ എണ്ണ വിപണിയില്‍ ഉപഭോക്താവായി വ്‌ലാദിമര്‍ പുടിനെ പിന്തുണയ്ക്കുകയാണ്. തായ്‌വാന്‍ പോലെയുള്ള അയല്‍ രാജ്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വികസ്വര രാജ്യങ്ങളെ കടക്കെണിയിലാക്കുന്നതാണ് ചൈനയുടെ ‘ബെല്‍റ്റ് ആന്റ് റോഡ്’ പദ്ധതി. മനുഷ്യാവകാശത്തിന് വിരുദ്ധമായി ഷിന്‍ജിയാങ്ങിലും ഹോങ്കോങ്ങിലുമുള്ള സ്വന്തം ജനതയെ അവര്‍ പീഡിപ്പിക്കുകയും തടവിലിടുകയും ചെയ്യുന്നു. വളരേക്കാലമായി ബ്രിട്ടനിലേയും പാശ്ചാത്യ രാജ്യങ്ങളിലേയും രാഷ്ട്രീയ നേതാക്കള്‍ ചൈനയുടെ നീച പ്രവൃത്തികള്‍ക്കും അഭിലാഷങ്ങള്‍ക്കുമെതിരെ കണ്ണടയ്ക്കുന്നു. ഇനിയും അത് തുടരാന്‍ പാടില്ല. പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ആദ്യ ദിനം തന്നെ ഞാന്‍ മാറ്റം കൊണ്ടുവരും’- എന്ന് റിഷി സുനക് പറഞ്ഞു.
Post Your Comments