മസ്‌കത്ത്: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇന്ത്യൻ തീരത്ത് രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലമാണ് മഴ പെയ്യുന്നത്.
ഒമാനിലെ വടക്കൻ മേഖലകളിലാണ് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളത്. നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, മസ്‌കത്ത്, സൗത്ത് അൽ ബത്തീന, നോർത്ത് അൽ ബത്തീന, അൽ ബുറൈമി, അൽ ദഹിരാ, അൽ ദാഖിലിയ, മുസന്ദം മുതലായ ഇടങ്ങളിൽ ഇതിന്റെ ഭാഗമായി 30 മുതൽ 80 മില്ലീമീറ്റർ വരെ മഴ ലഭിക്കും.
ഏതാനും ഇടങ്ങളിൽ ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും, താഴ്‌വരകളിലും വെള്ളം കുത്തിയൊലിച്ച് വരുന്നതിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമാനിൽ കാറ്റ് വീശുന്നതിനും, കടലിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
Post Your Comments