ഡൽഹി: ആളുമാറി വഴിയെ പോകുന്ന നാട്ടുകാരെല്ലാം ചീത്ത വിളിക്കുന്നുവെന്ന പരാതിയുമായി ബോളിവുഡ് ഗായിക അർപ്പിത മുഖർജി. 20 കോടി വീട്ടിൽ നിന്നും കണ്ടെടുത്തതിന് അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് മന്ത്രിയുടെ അനുയായി അർപ്പിതയാണെന്ന് തെറ്റിദ്ധരിച്ചാണ് ആൾക്കാർ ഗായികയെ ചീത്തവിളിക്കുന്നത്. ഈ ചീത്ത കേൾക്കേണ്ടയാൾ താനല്ലെന്നാണ് ഗായിക വ്യക്തമാക്കുന്നത്.
പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അനുയായിയായ അർപ്പിതയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ 20 കോടി പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് ആൾക്കാർ തൊഴിലവസരങ്ങൾ അട്ടിമറിച്ചതിനാണ് സോഷ്യൽ മീഡിയയിൽ മന്ത്രിയേയും അർപ്പിതയേയും ചീത്തവിളിക്കുന്നത്. എന്നാൽ, ചില ഓൺലൈൻ പത്രങ്ങൾ പേര് ഒന്നായതിനാൽ ആളുമാറി ഗായിക അർപ്പിത മുഖർജിയുടെ ഫോട്ടോയാണ് വാർത്തയ്ക്കൊപ്പം കൊടുത്തത്. ഇതോടെ, വായനക്കാരുടെ കലി മുഴുവൻ ഗായികയ്ക്ക് നേരെ പ്രവഹിക്കുകയായിരുന്നു.
പശ്ചിമ ബംഗാളിൽ നടന്ന എസ്.എസ്.സി അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് അർപ്പിത അറസ്റ്റിലാകുന്നത്. ഇതിൽ ഇവർക്ക് ബന്ധമുള്ളതായി മനസിലായതിനാൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് 20 കോടി രൂപ ഇവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്.
എസ്.എസ്.സിയിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് വാങ്ങിയ കൈക്കൂലിയാണ് ഈ പണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ കൗണ്ടിങ്ങ് മെഷീൻ ഉപയോഗിച്ചാണ് ഇത്രയധികം പണം എണ്ണി തിട്ടപ്പെടുത്തിയത്. 20 മൊബൈൽ ഫോണും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments