എറണാകുളം : ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി റൂറല്‍ ജില്ലയിലെ സ്ഥിരം കുറ്റവാളികളായ മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. മാഞ്ഞാലി കുന്നുംപുറം സ്വദേശി സുനീര്‍ , വടക്കേക്കര സ്വദേശി യദുകൃഷ്ണ , ഞാറക്കല്‍ സ്വദേശി ജൂഡ് ജോസഫ് എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. മൂന്ന് പേരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അടച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read Also: ഒഡിഷയിൽ നിന്നും മനുഷ്യക്കടത്ത്: മൂന്ന് കൗമാരക്കാരികളെ രക്ഷപ്പെടുത്തി,തൃശ്ശൂരില്‍ യുവാവ് പിടിയില്‍
ഞാറയ്ക്കല്‍, മുനമ്പം സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം, ആയുധ നിയമ പ്രകാരമുള്ള കേസ്, കാപ്പ ഉത്തരവിന്റെ ലംഘനം, മോഷണം മുതലായ കേസുകളിലെ പ്രതിയാണ് ജൂഡ് ജോസഫ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ചെറായിയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പില്‍ കയറി ഇയാള്‍ ലാപ്ടോപ്പും മറ്റ് വസ്തുക്കളും മോഷ്ടിച്ചിരുന്നു. ഈ കേസിലാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയത്. മുനമ്പം, കൊച്ചി സിറ്റി, എറണാകുളം സെന്‍ട്രല്‍, നോര്‍ത്ത് പറവൂര്‍, ആലുവ ഈസ്റ്റ്, ചേരാനല്ലൂര്‍ സ്റ്റേഷനുകളിലായി നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് യദുകൃഷ്ണ. കഴിഞ്ഞ ജനുവരിയില്‍ ബൈക്ക് മോഷണ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കാപ്പ പ്രകാരം നടപടി സ്വീകരിച്ചത്.
മൂന്നാമനായ സുനീര്‍ ആലുവ വെസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ദേഹോപദ്രവം, കൊലപാതകശ്രമം, വിശ്വാസവഞ്ചന തുടങ്ങിയ കേസുകളില്‍ പ്രതിയാണ് . കഴിഞ്ഞ ജനുവരിയില്‍ മാഞ്ഞാലി മാട്ടുപുറത്ത് ഗുണ്ടാ ആക്രമണ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് സുനീറിനെതിരെ കാപ്പ ചുമത്തിയത്.
Post Your Comments