അമരാവതി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന് രക്ഷകയായത് ഡോക്ടർ കൂടിയായ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ. ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യുന്നതിനിടെയാണ് ഐപിഎസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി ഉജേലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
യാത്രയ്ക്കിടെ ഉദ്യോഗസ്ഥന് സുഖമില്ലാതായപ്പോൾ യാത്രക്കാരിൽ ഡോക്ടർമാർ ഉണ്ടോയെന്ന് എയർഹോസ്റ്റസ് തിരക്കി. ഉടനെ തന്നെ വിമാനത്തിലുണ്ടായിരുന്ന ഗവർണർ മുന്നോട്ടുവരികയും സഹായിക്കാൻ സന്നദ്ധത അറിയിക്കുകയുമായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തനിക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും നിർദേശങ്ങൾ നൽകുകയുമായിരുന്നു ഗവർണർ. ഇതിന് ശേഷമാണ് തനിക്ക് ആശ്വാസം തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ഫ്‌ളൈറ്റിൽ ഇല്ലായിരുന്നുവെങ്കിൽ തനിക്ക് ജീവൻ നഷ്ടമാകുമായിരുന്നുവെന്നും ഇത് തന്റെ രണ്ടാം ജന്മമാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ആന്ധ്രപ്രദേശിലെ റോഡ് സുരക്ഷാ വിഭാഗം എഡിജിപിയാണ് ഇദ്ദേഹം. വിമാനം ഇറങ്ങിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ഡെങ്കിപ്പനിയാണെന്ന് തിരിച്ചറിയുകയും ചെയ്തു. അദ്ദേഹത്തിന്റെ കൗണ്ട് 14,000 വരെ താഴ്ന്നിരുന്നു. ഒരു അമ്മയെ പോലയാണ് ഗവർണർ തന്നെ പരിപാലിച്ചതെന്നും കൃത്യസമയത്തുള്ള ഇടപെടൽ തൻറെ ജീവൻ രക്ഷിച്ചെന്നും ഐപിഎസ് ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞു.
Post Your Comments